ആലത്തൂര്‍: മഴവെള്ളം വീട്ടിലേക്കിറങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമത്തില്‍ കലാശിച്ചു. ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി കല്യാണിയെന്ന സ്ത്രീയുടെ മാറിടത്തില്‍ ചവിട്ടുകയും മുടിയില്‍ കുത്തിപ്പിടിച്ച് മുതുകിലിടിക്കുകയും ചെയ്തു. ദളിത് യുവതിയെയും കുടുംബത്തെയും ആര്‍എസ്എസുകാര്‍ വീട്ടില്‍ക്കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
കാവശേരി കഴനി-ചുങ്കം വാവുള്ള്യാപുരം കൃപനിലയത്തില്‍ കല്യാണി (37), മക്കളായ വൈശാഖ് (21), വിവേക് (18), ജ്യേഷ്ഠപുത്രന്മാരായ ജയന്‍ (28), പ്രകാശന്‍ (27), അരുണ്‍ (21), പ്രദീപ് (24) എന്നിവരെയാണ് ആര്‍എസ്എസ് സംഘം ആക്രമിച്ചത്. ശനിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പരുക്കേറ്റ കല്യാണിയടക്കം ഏഴുപേരെയും ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈശാഖിനേയും വിവേകിനേയും കമ്പിവടികൊണ്ട് മര്‍ദിക്കുകയും കഠാരവീശി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
മഴവെള്ളം വീട്ടിലേക്കിറങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ വാവുള്ള്യാപുരം ഹരിദാസന്‍ (45), ബാബു (46), സ്വാമിനാഥന്‍ (50), ഷിജു (23), മണികണ്ഠന്‍ (27), ശിവദാസന്‍ (25) എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ളവരാണ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് ആക്രമണം നടത്തിയതെന്ന് കല്യാണി പറഞ്ഞു.
ഇരുമ്പ്വടി, വെട്ടുകത്തി, കഠാര തുടങ്ങിയ മാരകായുധങ്ങള്‍ അക്രമികള്‍ ഉപയോഗിച്ചിരുന്നു. മഴവെള്ളം പാടശേഖരത്തേക്ക് പോവുന്നത് തടഞ്ഞ് പൊതുസ്ഥലത്ത് ബണ്ട് കെട്ടിയതുമൂലം മലിനജലം കല്യാണിയുടെ വീട്ടിലേക്കെത്തുന്നതായി ആലത്തൂര്‍ പൊലീസില്‍ കല്യാണി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുകൂട്ടരുമായി സംസാരിച്ച് കല്യാണിയുടെ വീടിനുസമീപം മതില്‍ പണിയാന്‍ അനുമതി നല്‍കിയിരുന്നു.