കൊച്ചി: പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡിനെത്തിയ ചൈത്ര തെരേസ ഐപിഎസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പാര്‍ട്ടിയെയും പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിനെയും മുഖം നോക്കാതെ ധീരമായ നടപടിയെടുത്ത യുവ ഐപിഎസുകാരിക്ക് സോഷ്യല്‍ മീഡിയ നിറഞ്ഞ കൈയ്യടിയാണ് നല്‍കുന്നത്. എന്നാല്‍ പാര്‍ട്ടി ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡിസിപിക്ക് ചുമതലമാറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. അങ്കമാലി ഹര്‍ത്താലിലെ വിവാദ നായകനും ശബരിമലയില്‍ താരവുമായ യതീഷ് ചന്ദ്രയോടാണ് പലരും ചൈത്ര ഐപിഎസിനെ ഉപമിക്കുന്നത്.
പോക്‌സോ കേസിലെ പ്രതികളെ കാണണമെന്നാവശ്യപ്പെട്ട് എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തിയത്. ഇവരില്‍ ചിലര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിവിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ചൈത്ര പരിശോധനയ്ക്കായി എത്തിയത്. എന്നാല്‍ പോലീസ് സംഘത്തെ അകത്തേയ്ക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു നേതാക്കള്‍. നേതാക്കള്‍ അറിയിച്ചത് പ്രകാരം കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് മുമ്പിലേക്ക് എത്തി, ഡിസിപിയെ അനുനയിപ്പിക്കാന്‍ സഹപ്രവര്‍ത്തകരും ശ്രമിച്ചു. എന്നാല്‍ പരിശോധന നടത്താതെ മടങ്ങില്ലെന്ന് ചൈത്ര ഉറച്ച നിലപാടെടുത്തതോടെ നേതാക്കള്‍ വഴങ്ങി. പരിശോധനയില്‍ പ്രതികളെ കണ്ടെത്താനാകാതെ പോലീസ് സംഘം മടങ്ങി. ഇതോടെ പരാതിയുമായി ജില്ലാ നേതൃത്വം മുഖ്യമന്ത്രിയെ സമീപിച്ചു. ഫലം മണിക്കൂറുകള്‍ക്കകം ഡിസിപിയുടെ ചുമതലയില്‍ നിന്നും ചൈത്രയെ ഒഴിവാക്കി വനിതാ സെല്‍ എസ്പി കസേരയിലേക്ക് തിരിച്ചയച്ചു.
കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശിയാണ് ചൈത്ര തെരേസ ജോണ്‍ ഐപിഎസ്. 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ചൈത്ര. സിവില്‍ സര്‍വ്വീസില്‍ 111ആം റാങ്ക് കാരി. ഇന്ത്യന്‍ ട്രാഫിക് സര്‍വ്വീസില്‍ നിന്നും രാജിവെച്ചാണ് ഐപിഎസ് സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ ജോണ്‍ ജോസഫിന്റെയും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന മേരിയുടെയും മകളാണ് ചൈത്ര തെരേസാ ജോണ്‍.
വനിതാ മതില്‍, സ്ത്രീ സുരക്ഷ എന്ന് വാതോരാതെ പ്രസംഗിക്കുന്നവര്‍ വനിതാ ഐപിഎസുകാരിയോട് കാണിച്ചത് നീതി നിഷേധമാണെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. നാഴികയ്ക്ക് നാല്‍പ്പത് വട്ടവും സ്ത്രീ സുരക്ഷ എന്ന് പറയുന്ന സര്‍ക്കാര്‍ തന്റെ ജോലി കൃത്യമായി ചെയ്ത ഉദ്യോഗസ്ഥയോട് കാട്ടിയത് മര്യാദകേടാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.