ദുരൂഹത 14 വർഷത്തിനിടയിൽ സംഭവിച്ച ആറ് മരണങ്ങളിൽ; ജോളിയെ സംശയിക്കാൻ നിരവധി കാരണങ്ങൾ

കോഴിക്കോട്: കൂടത്തായിയില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരേ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇവരെ അടക്കംചെയ്ത കല്ലറകള്‍ തുറന്ന് പരിശോധിക്കുകയാണ്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധു നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് പരിശോധന.

കോടഞ്ചേരിയിലെ സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകളാണ് തുറന്ന് പരിശോധന നടത്തിയത്. സിലി എന്ന യുവതിയുടെയും രണ്ടുവയസുകാരി മകളുടെയും കല്ലറകളാണ് തുറന്ന് പരിശോധിച്ചത്.പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയുള്ള കൊലപാതകമാണ് ഇതെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങളും പുറത്തെടുത്ത് പരിശോധന നടത്തിയേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കുടുംബത്തിലെ ആറ് പേരുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇന്ന് കൂടത്തായിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ഇതിനുള്ള ഉത്തരം തേടിയാണ് പള്ളി സെമിത്തേരിയിലെ കല്ലറകൾ തുറക്കാൻ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തത്. 2011 സെപ്തംബറിൽ മരണപ്പെട്ട പൊന്നാമറ്റം റോയി തോമസിന്റെ സഹോദരൻ ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച പരാതി ഉന്നയിക്കുന്നതുവരെ നാട്ടുകാരുടെ ചിന്തയിൽ ഇങ്ങനെയൊരു വിഷയമേ ഉണ്ടായിരുന്നില്ല.

2002നും 2016നും ഇടയിൽ സംഭവിച്ച ആറ് മരണങ്ങളും ഒരേ രീതിയിലുള്ളതായിരുന്നുവെന്ന് പലരും മറന്നുതുടങ്ങിയതാണ്. എന്നാൽ ഇപ്പോൾ ആ രഹസ്യത്തിന്റെ ചുരുളഴിയാൻ ശ്വാസമടക്കി കാത്തിരിക്കുകയാണ് പലരും. റോയി തോമസിന് പുറമെ പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ ഒരു യുവതിയും രണ്ട് വയസുള്ള കുഞ്ഞുമാണ് തുടർച്ചയായി മരണപ്പെട്ടത്.

അന്നമ്മയുടെ മരണമാണ് ഇക്കൂട്ടത്തിൽ ആദ്യത്തേത്. അദ്ധ്യാപികയായിരുന്ന ഇവർ 2002 ആഗസ്റ്റിൽ കുഴഞ്ഞുവീണ് മരിച്ചു. 2008 ആഗസ്റ്റിൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ സൂപ്രണ്ടായി വിരമിച്ച അന്നമ്മയുടെ ഭർത്താവ് ടോം തോമസും ഇതേരീതിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു. ഇതിന് ശേഷം 2010ലാണ് അന്നമ്മയുടെ സഹോദരൻ മാത്യുവിന്റെ മരണം. തുടർന്ന് റോയ് തോമസും. ഇതിന് ശേഷം 2016 വരെയുള്ള കാലയളവിനുള്ളിലാണ് യുവതിയുടെയും എല്ലാവരുടെയും പോലെ കുഴഞ്ഞുവീണുള്ള മരണം. കുഞ്ഞും മരണപ്പെട്ടു.

ഇതിൽ റോയി തോമസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയിരുന്നു. അന്നു സയനൈഡ് ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയെങ്കിലും ഇതുസംബന്ധിച്ചും കാര്യമായ അന്വേഷണമുണ്ടായില്ല. ഒടുവിൽ ലോക്കൽ പൊലീസിൽ നിന്നും കേസ് ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് റൂറൽ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ചിലേക്ക് നീങ്ങിയതോടെയാണ് അന്വേഷണത്തിന് ചൂടേറിയത്.

നാല് മൃതദേഹങ്ങൾ കൂടത്തായി ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിലും രണ്ടെണ്ണം കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് അടക്കംചെയ്തത്. കുഴഞ്ഞുവീണുള്ള അന്നമ്മയുടെയും ടോംതോമസിന്റെയും മരണം ഹൃദയാഘാതമായാണ് എല്ലാവരും കരുതിയിരുന്നത്. റോയി തോമസ് മരിച്ചപ്പോൾ വിഷം അകത്തുചെന്നിരുന്നുവെന്ന വിവരം ലഭിച്ചതോടെ ഇത് ആത്മഹത്യയെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, എന്തിനാണ് റോയി ആത്മഹത്യ ചെയ്തതെന്ന കാര്യം ഇന്നും ആർക്കുമറിയില്ല. കൂടാതെ സയനൈഡ് അകത്തുചെന്നിട്ടുണ്ടെങ്കിൽ ഇത് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യം ഏറ്റവും പ്രധാനമാണ്.

ഈ കേസിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകാത്തത് എന്തുകൊണ്ടായിരുന്നുവെന്ന ചോദ്യം നാട്ടുകാരുയർത്തുന്നുണ്ട്. കൂടാതെ കേസിൽ പരാതികൾ വൈകിയതിന് പിന്നിലെ കാരണവും അന്വേഷണ പരിധിയിലുണ്ടെന്ന് ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസ് പറഞ്ഞു. നിരവധി പേരെ ഇതുസംബന്ധിച്ച് ചോദ്യംചെയ്തിട്ടുണ്ട്. ചിലർ നിരീക്ഷണത്തിലുമാണ്. മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന കൂടി പൂർത്തിയാക്കുന്നതോടെ സംഭവങ്ങളുടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. എസ്.പി കെ.ജി സൈമണിന്റെ നിയന്ത്രണത്തിൽ അഡീഷണൽ എസ്.പി സുബ്രഹ്മണ്യന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നുവരുന്നത്.

മരിച്ച റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് ടോം തോമസിന്റെയടക്കം മുഴുവൻ സ്വത്തുക്കളും മാറ്റിയിരുന്നു. അതൊരു വ്യാജ വിൽപ്പത്രമുണ്ടാക്കിയതാണെന്ന് പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ മൃതദേഹം പുറത്തെടുത്ത സിലിയുടെ ഭർത്താവ് ഷാജിയെയാണ് ജോളി പിന്നീട് വിവാഹം ചെയ്തത്. ഇരുവരും ചേർന്ന് നടത്തിയ ആസൂത്രിത നീക്കമാണ് ഇതിൻറെ പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

Top