തൃശൂര്‍: ശബരിമല യുവതീ പ്രവേശനവിധിയുടെ പശ്ചാത്തലത്തില്‍ ഇടതുസംഘടനകളും കൂട്ടായ്മകളും സംഘടിപ്പിച്ച നവോത്ഥാന പരിപാടികളില്‍ പ്രഭാഷണം നടത്തി നവോത്ഥാന നായകനായി ഉയര്‍ന്നു വരികയായിരുന്ന ശ്രീചിത്രന്‍ ഔട്ട്. കവിതാ മോഷണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന എംജെ ശ്രീചിത്രനും ദീപ നിശാന്തും നവോത്ഥാന സദസുകളില്‍ നിന്ന് പുറത്തായി. ഇരുവരും പങ്കെടുക്കുമെന്ന് അറിയിച്ചുള്ള പരിപാടികളുടെ പഴയ നോട്ടീസ് മാറ്റി പുതിയ നോട്ടീസുകള്‍ ഇറക്കി.
നാളെ തൃശൂരില്‍ നടക്കാനിരിക്കുന്ന ജനാഭിമാനസംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇരുവരും പങ്കെടുക്കുന്നില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ഈ പരിപാടിയില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു ശ്രീചിത്രന്‍. സ്വാമി അഗ്നിവേശാണ് രാവിലെ പത്തു മുതല്‍ രാത്രി ഒന്‍പതു വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍. ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രഭാഷണത്തിലാണ് ദീപാ നിശാന്ത് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്.
യുവകവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ സര്‍വീസ് മാസികയില്‍ ദീപ പ്രസിദ്ധപ്പെടുത്തിയെന്ന ആക്ഷേപത്തെത്തുടര്‍ന്നാണിത്. കൊടുങ്ങല്ലൂരില്‍ ഇന്നലെ നടന്ന ഭരണഘടനാസംഗമത്തില്‍ ശ്രീചിത്രനായിരുന്നു മുഖ്യപ്രഭാഷകന്‍. അദ്ദേഹം പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ അറിയിച്ച് പുതിയ നോട്ടീസ് അച്ചടിച്ചു. ഈമാസം പാലക്കാട്ട് നടക്കുന്ന കെ.എസ്.ടി.എ. ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകനുമായിരുന്നു. ഇതില്‍നിന്നും അദ്ദേഹത്തെ മാറ്റിയതായാണ് സൂചന.