പെരിയ ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സതീഷ് ചന്ദ്രന്‍;പൊന്നാനി പിടിക്കുമെന്ന് പി.വി അന്‍വര്‍.സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി.സതീഷ് ചന്ദ്രന്‍ പറഞ്ഞു. പെരിയ ഇരട്ട കൊലപാതകം ചര്‍ച്ചയാക്കാന്‍ എതിരാളികള്‍ ശ്രമിച്ചാലും തെരഞ്ഞെടുപ്പില്‍ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ത്തയ സമയത്ത് പല പേരുകള്‍ ഉയര്‍ന്നു വരുന്നത് സ്വഭാവികമാണ്, പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള ഭിന്നതയുമില്ലെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി പിടിച്ചെടുക്കുമെന്ന് വീണജോര്‍ജ്. പത്തനംതിട്ടയില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് മത്സരിക്കുക. ആദ്യമായാണ് വീണ ജോര്‍ജ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്.കേരളത്തില്‍ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇടത് മുന്നണി ജയിക്കുമെന്നും വീണ ജോര്‍ജ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ പത്ത് വര്‍ഷമായി പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. അതോടൊപ്പം കഴിഞ്ഞ രണ്ടേ മുക്കാല്‍ വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് പത്തനംതിട്ടയില്‍ കൊണ്ട് വന്നതെന്ന് പരിശോധിക്കപ്പെടുമെന്നും വീണാജോര്‍ജ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റേത് മാത്രമായി രണ്ടായിരത്തിലധികം കോടി രൂപയുടെ പദ്ധതി കേരളസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും കോഴഞ്ചേരി പാലമുള്‍പ്പെടെ പതിറ്റാണ്ടുകളായി ജില്ല ആഗ്രഹിച്ച പദ്ധതികളെല്ലാം ആരംഭിക്കാന്‍ പൂര്‍ത്തിയാക്കാനും സാധിച്ചിട്ടുണ്ടെന്നും വീണാജോര്‍ജ് പറഞ്ഞു. വികസനത്തിന്റെ എല്ലാ മേഖലകളിലും വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്നും വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു.

സിപിഐഎം സംസ്ഥാന നേതൃത്വം പട്ടിക പ്രഖ്യാപിച്ചതോടെ കളത്തിലിറങ്ങി സ്ഥാനാര്‍ത്ഥികള്‍. മോദിക്കെതിരെയുള്ള വിധിയെഴുത്താണിതെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് പറഞ്ഞു. കഴിഞ്ഞകാല വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജനവിധി തേടുന്നതെന്നും എംബി രാജേഷ് പറഞ്ഞു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലുള്ള നിര്‍ണ്ണായക പോരാട്ടവേദിയിലേക്ക് പാര്‍ട്ടി നിയോഗിച്ചതില്‍ സന്തോഷമെന്ന് പി രാജീവ് പറഞ്ഞു. മണ്ഡലം നിശ്ചയിച്ചത് പാര്‍ട്ടിയാണ്. നന്നായി അറിയാവുന്ന മണ്ഡലമാണെന്നും ദേശീയ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ഗുണകരമാണെന്നും പി രാജീവ് പ്രതികരിച്ചു.

രാജ്യസഭാ എംപിയായിരുന്ന കാലത്തെ പ്രവര്‍ത്തനം ജനങ്ങളുടെ മനസിലുണ്ട്. നാടെന്ത് ആവശ്യപ്പെടുന്നു എന്നതിലാകും ശ്രദ്ധിക്കുകയെന്നും പി രാജീവ് പറഞ്ഞു. ഇന്നലെ ഉണ്ടായിരുന്നവര്‍ എന്തു ചെയ്തു ചെയ്തില്ല എന്നതില്‍ അല്ല, ഇന്നിനി എന്തു വേണം എന്നതിലാണ് ചര്‍ച്ചയെന്നും ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും പി രാജീവ് ആവര്‍ത്തിച്ചു.

അതേസമയം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി എന്ന നിലയ്ക്ക് വടകര മണ്ഡലം ഇത്തവണ എൽഡിഎഫ് തിരിച്ചു പിടിക്കുമെന്നത് തനിയക്ക് ഉറപ്പിച്ച് പറയാനാവുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. വലിയ ഭൂരിപക്ഷത്തോടെ വടകര മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്നും പി ജയരാജൻ പറഞ്ഞു.

ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും വലിയ വെല്ലുവിളിയാണ് അഞ്ച് വർഷത്തെ ബിജെപി ഭരണമുണ്ടാക്കിയതെന്നും അതിനെ ചെറുത്ത് പരാജയപ്പെടുത്താൻ ഇടത് പക്ഷത്തിനേ സാധിക്കുകയുള്ളുയെന്നും പി ജയരാജൻ. ആർഎസ്എസിനേയും ബിജെപിയേയും അനുകരിക്കുകയാണ് കോൺഗ്രസ് പലപ്പോഴും ചെയ്യുന്നതെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

മുൻ എംഎൽഎ ആയിരുന്ന പി ജയരാജൻ ലോക്സഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്.

ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ താനൊരു പോരാളി മാത്രമാണെന്ന് ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥി എ സമ്പത്ത് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയാണ് ലോക്സഭാ തെരഞ്ഞെടുപ്പെന്നും അതാണ് ഭരണഘടനയെ സംരക്ഷിക്കുന്നതെന്നും പറഞ്ഞ എ. സമ്പത്ത് ജനാധിപത്യം തകർന്നാൽ നമുക്കാർക്കും ജീവിച്ചിരിക്കാനാവില്ലെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ഉദ്ധരിച്ച് കൂട്ടിച്ചേർത്തു.ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ നിന്നും ഇത് മൂന്നാം തവണയാണ് എ സമ്പത്ത് പാർലമെന്റിലേക്ക് മത്സരിക്കുന്നത്.

അതേസമയം, നൂറ് ശതമാനം അത്മവിശ്വാസമുണ്ടന്നും ഉറച്ച വിജയസാധ്യതയാണുള്ളതെന്നും സിപിഎം കോട്ടയം സ്ഥാനാർത്ഥി വി എൻ വാസവൻ പറഞ്ഞു. താൻ പാർലമെന്‍റ് അംഗമല്ലാത്ത കാലത്തും നിയമസഭാംഗമല്ലാത്ത കാലത്തും കോട്ടയത്തെ സജീവ സാന്നിധ്യമായിരുന്നു. നാലര പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തിൽ എന്തെല്ലാം ജനകീയ പ്രശ്നനങ്ങൾ ഈ ജില്ലയിലും അടുത്ത ജില്ലയിലും ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ തന്‍റെ സാന്നിധ്യവും ഉണ്ടായിരുന്നു. ജനങ്ങൾക്കൊപ്പം നിന്നിട്ടുള്ള പാർട്ടിയുടെ എളിയ പ്രവർത്തകനെന്ന നിലയിൽ താൻ പ്രവർത്തിച്ച ഇടങ്ങളെല്ലാം ആത്മവിശ്വാസം പകരുന്നുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു.കോട്ടയം മുൻ എംഎൽഎയും നിലവിൽ കോട്ടയം ജില്ലാ സെക്രട്ടറിയുമായ വി എൻ വാസവൻ ആദ്യമായിട്ടാണ് പാർലമെന്‍റിലേക്ക് മത്സരിക്കുന്നത്.

Top