
ന്യുഡൽഹി :നിർണായകമായ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8നു തുടങ്ങും. 9 മുതൽ ആദ്യ സൂചനകൾ ലഭിക്കും. 11 മണിയോടെ ചിത്രം വ്യക്തമാകും. ആംആദ്മി പാർട്ടി (എഎപി) ഉജ്വലവിജയം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ, ഇത് വിശ്വസിക്കുന്നില്ലെന്നും അധികാരത്തിലെത്തുമെന്നും ബിജെപി പറയുന്നു.ലോക്സഭ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7 സീറ്റുകളിൽ ഏഴിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്.
പൗരത്വ നിയമ ഭേദഗതി അവതരിപ്പിച്ച ശേഷം ആദ്യ തിരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ ബിജെപിക്ക് അധികാരം നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിർണായകമാണ്.വോട്ടിംഗ് കേന്ദ്രത്തിൽ കൃത്രിമം നടക്കാനുളള സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്ന് സ്ട്രോംഗ് റൂമുകൾക്ക് മുമ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രവർത്തകർ കാവൽ നിൽക്കുന്നുണ്ട്.70 അംഗ നിയമസഭയിൽ ആം ആദ്മിക്ക് ചുരുങ്ങിയത് 56 സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആം ആദ്മി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപി 3 സീറ്റുകൾ നേടി. കോൺഗ്രസ് ഒരു സീറ്റിൽ പോലും വിജയിച്ചില്ല.
ഫെബ്രുവരി എട്ടാം തീയതി നടന്ന വോട്ടെടുപ്പിൽ 62.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമായിരുന്നു ഇത്. ദില്ലിയിൽ ഇത്തവണ ആം ആദ്മിയും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. 21 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ദില്ലിയിൽ സജ്ജമാക്കിയിരിക്കുന്നത്. ദില്ലിയിൽ ആം ആദ്മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം. അവസാന നിമിഷം അപ്രതീക്ഷ മുന്നേറ്റം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേ സമയം തുടർച്ചയായ മൂന്നാം വട്ടവും രാജ്യതലസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നതെന്നാണ് പ്രവചനങ്ങൾ. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66–4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിങ്.