ന്യൂഡല്‍ഹി: രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. മാര്‍ച്ചില്‍ പങ്കെടുത്ത രോഹിത്തിന്റെ അമ്മ അടക്കമുള്ളവരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. മെഴുകുതിരികളുമായി നടത്തിയ മാര്‍ച്ചില്‍ രോഹിത്തിന്റെ അമ്മ രാധിക വെമുലയും സഹോദരനും പങ്കെടുത്തിരുന്നു.
നൂറില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത മാര്‍ച്ചിനെ നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. ഇന്ത്യാ ഗേറ്റിനരികില്‍ പ്രതിഷേധിക്കാന്‍ അനുമതിയില്ലെന്ന് കാണിച്ചായിരുന്നു പോലീസ് എത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് രോഹിത്തിന്റെ അമ്മയടക്കമുള്ളവര്‍ക്കെതിരെ പോലീസ് അക്രമം അഴിച്ചു വിട്ടത്.
രാജ്യതലസ്ഥാനത്ത് നടന്ന സംഭവം മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു.രോഹിത് വെമുല വിഷയത്തില്‍ പാര്‍ലമെന്റില്‍ സ്മൃതി ഇറാനിയുടെ വികാര പ്രകടനങ്ങള്‍ക്കിടയിലാണ് ഇന്ത്യാ ഗേറ്റിന് സമീപം രോഹിത്തിന്റെ അമ്മയടക്കം പോലീസ് അക്രമത്തിനിരയായത്.
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ രോഹിത് ജനുവരി 17 നാണ് ആത്മഹത്യ ചെയ്യുന്നത്.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിത് അടക്കം അഞ്ച് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എബിവിപി നേതാവിനെ ആക്രമിച്ചെന്ന പരാതിയിലായിരുന്നു നടപടി. കാമ്പസില്‍ രോഹിത് അംഗമായ എഎസ്എയുടെ നേതൃത്വത്തില്‍ നടന്ന യാക്കൂബ് മേമന്‍ അനുസ്മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. ഇതിനെതിരെ അഞ്ച് വിദ്യാര്‍ത്ഥികളും സമരം തുടരുന്നതിനിടയിലാണ് രോഹിത് ആത്മഹത്യ ചെയ്യുന്നത്.