ടൂര്‍ പോകാന്‍ പണമില്ല; അയല്‍വാസിയായ ഡോക്ടറെ കൊന്ന് പണവും ആഭരണവും കവര്‍ന്ന് വിദ്യാര്‍ത്ഥികള്‍

ഡല്‍ഹി: ടൂര്‍ പോകാന്‍ പണമില്ലാത്തതിനാല്‍ പണമുണ്ടാക്കാനായി വിദ്യാര്‍ത്ഥികള്‍ ചെയ്തതില്‍ ഞെട്ടിയിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും പോലീസും. ജഹാംഗിര്‍പുരിയില്‍ ആണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും സംഘത്തിലുണ്ട്. വയോധികനായ ആയുര്‍വേദ ഡോക്ടറെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും മോഷ്ടിച്ച ഇവര്‍ ഇത് ചെയ്തത് ടൂറിന് പോകാനുള്ള പണം ഒപ്പിക്കാനാണെന്ന് പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ആയുര്‍വേദ ഡോക്ടറായ ഇഖ്ബാല്‍ കാസിമിനെ കൊല്ലപ്പെട്ട രീതിയില്‍ വീട്ടില്‍ കണ്ടത്. വീട് പരിശോധിച്ചപ്പോള്‍ ആഭരണങ്ങളും മോഷണം പോയതായും പോലീസ് കണ്ടെത്തി. അന്വേഷണസംഘം വിപുലീകരിക്കുകയും തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെ കുറ്റവാളികളില്‍ ഒരാള്‍ കുടുങ്ങുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇഖ്ബാല്‍ കാസിമിന്റെ അധ്യാപികയായ മകള്‍ സ്‌കൂളിലേക്ക് പോയാല്‍ അദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കാണെന്ന് പ്രതികള്‍ മനസിലാക്കിയിരുന്നു. അതിനാല്‍ ഈ സമയത്ത് കവര്‍ച്ചയും കൊലപാതകവും നടത്താമെന്ന് തീരുമാനിച്ചു. സംഭവദിവസം ഡോക്ടറുടെ വീട്ടില്‍ നിരീക്ഷണം നടത്തിയ പ്രതികള്‍ മകള്‍ സ്‌കൂളിലേക്ക് പോയതോടെ വീടിനകത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയും സ്വര്‍ണവും പണവും കവരുകയും ചെയ്തു.

Top