ജെസിബികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്: നടന്നത് ഞെട്ടിക്കുന്ന ക്രൂരത..!! കാട്ടാക്കട പോലീസിൻ്റെ അനാസ്ഥ

സ്വന്തം ഭൂമിയിലെ മണ്ണ് മോഷണം തടഞ്ഞ ഉടമയെ ജെസിബി  കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മണ്ണ് മാഫിയയുടെ ക്രൂരതയ്ക്ക് കൂടുതൽ തെളിവുകൾ. കാട്ടാക്കട കാഞ്ഞിരംവിളയിൽ അർധാരാത്രി നടന്ന സഭവത്തെക്കുറിച്ച് ദൃസാക്ഷികൾ പറയുന്നത് ഇങ്ങനെയാണ്. അർധരാത്രി മണ്ണ് മാന്തിയുടെ മുഴക്കം കേട്ടാണ് പരിസരവാസികൾ ഉണർന്നത്. നോക്കുമ്പോൾ സംഗീതിന്റെ ഭൂമിയിലാണ് മണ്ണിടിക്കൽ. നേരത്തെയും ഈ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നതിനാൽ കാര്യമാക്കിയില്ല. ഉണർന്നവർ ലൈറ്റ് ഓഫ് ചെയ്ത് ഉറക്കത്തിലേക്ക് പോയി.

വീട്ടുവളപ്പിൽ നിന്ന് മണ്ണെടുക്കുന്നത് ഭാര്യ വിളിച്ച് പറഞ്ഞപ്പോഴാണ് സംഗീത് അറിയുന്നത്. 15 മിനിറ്റിനുള്ളിൽ സമീപത്തെ വീട്ടിലേക്കു സംഗീതിന്റെ ഫോൺ കോൾ. ‘‘ഞാൻ സ്ഥലത്തില്ല. എന്റെ വീടിനു പിന്നിൽ ആരോ മണ്ണ് ഇടിക്കുന്നു. ഒന്ന് നോക്കണം. ഞാനിതാ വരുന്നു.’’ പല അയൽവാസികളെയും വിളിച്ച് സംഗീത് വിളിച്ച് ഇതേ കാര്യം പറഞ്ഞു. പരിസര വാസികൾ സംഗീതിന്റെ വീടിനു മുന്നിലെത്തി. അവരുടെ എതിർപ്പു വകവയ്ക്കാതെ ഇടിച്ച മണ്ണുമായി ടിപ്പറുകൾ തലങ്ങും വിലങ്ങും പാഞ്ഞു.

കോഴി ഫാമിൽ നിന്നും 12 മണിയോടെ സംഗീത് വീട്ടിലെത്തി. അപ്പോഴേക്കും മണ്ണ് മാഫിയ സംഘം അഴിഞ്ഞാടി. കൃഷി നശിപ്പിച്ചു, വീടിൻ്റെ ഒര് ഭാഗവും മതിലും തകർത്തു. ഈ സമയമൊക്കെ ഭാര്യ സംഗീത കാട്ടാക്കട പൊലീസിനെ വിളിച്ച് സഹായം തേടുകയാണ്. അവർ നിഷ്കരുണം അവഗണിച്ചു. തുടർന്ന് സംഗീതെത്തി വാക്കേറ്റമായി. വാക്കേറ്റം രൂക്ഷമാകുന്നതിനിടെ ജെസിബിയുടെയും ടിപ്പറിന്റെയും ഉടമകളെത്തി. അനുനയ ശ്രമങ്ങൾ തുടങ്ങി. സഹോദരിയുടെ ഭൂമിയും സംഗീതിന്റെ ഭൂമിയും വേർതിരിക്കുന്ന അതിർത്തി ഇടിച്ചാണ് മണ്ണെടുത്തത്. ഇവിടെ മതിൽ കെട്ടാനുള്ള സംവിധാനമുണ്ടാക്കിയാൽ പരാതിയില്ലെന്നായി ഒത്തുതീർപ്പ്. പരിസരവാസികളും ഇതിനോട് യോജിച്ചു.

ആദ്യം സമ്മതിച്ച ജെസിബി, ടിപ്പർ ഉടമകൾ പിന്നീട്  ഭീഷണിയുടെ സ്വരമുയർത്തി. ഇതോടെ സംഗീതും പ്രകോപിതനായി. ഇതിനിടെ മാഫിയ സംഘത്തിലെ കൂടുതൽപേർ  എത്തിയതോടെ വാക്കേറ്റം രൂക്ഷമായി.  പൊലീസിനെ അറിയിച്ച് ഒരു മണിക്കൂറോളമായിട്ടും ഫലമില്ലാഞ്ഞതിനാൽ  സംഗീത് ഫോൺ ചെയ്യാനായി വീണ്ടും വീട്ടിലേക്കു കയറി. ടിപ്പറും മണ്ണുമാന്തിയും പുറത്തുപോകാതിരിക്കാ‍ൻ കാർ കുറുകെയിട്ടാണ് സംഗീത് പോയത്. എന്നാൽ കാർ ലോക്ക് ചെയ്തിരുന്നില്ല.

ഇതിനിടെ മാഫിയ സംഘത്തിലൊരാൾ ടിപ്പറിനും ജെസിബിക്കും തടസ്സമായി കിടന്ന സംഗീതിന്റെ കാർ  റോഡിലേക്ക് മാറ്റി. നൊടിയിടയിൽ വീടിന്റെ പിൻഭാഗത്ത് മേൽക്കൂയോട് ചേർന്ന്  സ്ഥാപിച്ച ഷീറ്റും മതിലും തകർത്ത് ജെസിബിയും ടിപ്പറും റോഡിലേക്ക് പാഞ്ഞു. തടയാൻ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് പാഞ്ഞ സംഗീതിനെ ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ച് മതിലരികിലേക്ക് തള്ളി.

പിന്നാലെ പാഞ്ഞ ടിപ്പർ ഡ്രൈവർ പക തീരാതെ മതിലിലേക്ക് ചേർത്ത് വാഹനമോടിച്ചു. മതിലിടിഞ്ഞതും സംഗീതിന്റെ പുറത്തേക്കു വീണു.  തലയ്ക്കും മുഖത്തിനും ഗുരുതര പരുക്കേറ്റു. വാരിയെല്ലുകൾ തകർന്നു. ഒരു മനുഷ്യജീവനെടുത്തു ആ ക്രൂരന്മാർ. ഇത്രയൊക്കെ നയന്നിട്ടും വെറും 6 കിലോ മീറ്റർ അകലെ നിന്ന് സ്ഥലത്തെത്താൻ കാട്ടാക്കട പൊലീസിന് കഴിഞ്ഞിരുന്നില്ല.

മണ്ണുമാന്തിയുടെ ബക്കറ്റ് കൊണ്ടും ടിപ്പറിന്റെ വശം കൊണ്ടുമുള്ള ഇടിയിൽ തലയ്ക്കും വാരിയെല്ലുകൾ ഒടിഞ്ഞുനുറുങ്ങി ആന്തരാവയവങ്ങൾക്കും ഏറ്റ ഗുരുതര പരുക്കാണ് സംഗീതിന്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ജെസിബി മതിലിന്റെ ഒരു ഭാഗം ഇടിച്ച് തെറിപ്പിച്ചത്  ശരീരത്തിലേക്ക് പതിക്കുക കൂടി ചെയ്തത് പരുക്കുകളുടെ എണ്ണം കൂട്ടി. ആദ്യം  സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി.കോളജിലും എത്തിച്ചു.

മണ്ണ് മാന്തികൊണ്ട് ഇടിച്ചു വീഴ്ത്തി  സംഗീതിനെ കൊലപ്പെടുത്തിയ കേസിൽ 6 പേർക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മണ്ണ് മാന്തി ഡ്രൈവർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ(29) പൊലീസ് കസ്റ്റഡിയിൽ. ഇയാളെ കൂടാതെ ടിപ്പർ ഉടമ ഉത്തമനെന്ന് വിളിക്കുന്ന മണികണ്ഠൻനായർ (34), മണ്ണ് മാന്തിയുടെ ഉടമ ചാരുപാറ സ്വദേശി സജു(53), ടിപ്പർ ഡ്രൈവർമാരായ രണ്ടു പേരും ഒരു സഹായിയും എന്നിവരാണ്  പ്രതികളെന്ന് പൊലീസ് പറഞ്ഞു.

Top