ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ വൈറ്റ്‌കോളര്‍ ഭീകരര്‍;ഡ്രൈവര്‍ ഉമര്‍ മുഹമ്മദ് ലക്ഷ്യം വച്ചത് തിരക്കേറിയ ചാന്ദ്‌നി ചൗക്ക്?

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ ബോംബ് വച്ചിരുന്നുവെന്ന് കരുതുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എച്ച്ആര്‍ 26CE7674 എന്ന പ്ലേറ്റുള്ള വെളുത്ത ഹ്യുണ്ടായ് ഐ20 നമ്പര്‍ കാര്‍ മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് അടുത്തുള്ള പാര്‍ക്കിംഗ് സ്ഥലത്ത് ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വൈകിട്ട് 3.19ന് പാര്‍ക്ക് ചെയ്ത വാഹനം 6.30നാണ് അവിടെ നിന്ന് പുറപ്പെട്ടത്.നീലയും കറുപ്പും നിറങ്ങളുള്ള ടീഷര്‍ട്ട് ധരിച്ച ആളാണ് കാര്‍ ഓടിച്ചിരുന്നത്. ഡോ. ഉമര്‍ മുഹമ്മദ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സ്ഫോടനമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനവും ‘വൈറ്റ് കോളര്‍’ ഭീകര സംഘടനയും തമ്മില്‍ ബന്ധം കണ്ടെത്തിയതായി വിവരമുണ്ട്.സംഘടനയിലെ പ്രധാന അംഗങ്ങളായ ഡോ. മുജമ്മില്‍ ഷക്കീല്‍, ഡോ. ആദില്‍ റാത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കളും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതേത്തുടര്‍ന്ന് ഡോ. ഉമര്‍ മുഹമ്മദ് പരിഭ്രാന്തനായി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉമര്‍ മറ്റ് രണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കാറില്‍ ഡിറ്റണേറ്റര്‍ സ്ഥാപിച്ചുവെന്നുവെന്നും പൊലീസ് സൂചന നല്‍കുന്നു.കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്ത് ഉമര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് വിവരം.

അയാള്‍ ആര്‍ക്കെങ്കിലും വേണ്ടിയോ അല്ലെങ്കില്‍ നിര്‍ദേശങ്ങള്‍ക്ക് വേണ്ടിയോ കാത്തിരുന്നത് ആയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉമര്‍ ജോലി ചെയ്തിരുന്നത്.ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനടുത്ത് കാര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഒമ്പത് പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 20ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ച അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഏറ്റവും തിരക്കേറിയ ചാന്ദ്‌നി ചൗക്ക് വ്യാപാരമേഖല ഇവിടെയാണ്. ഈ മാര്‍ക്കറ്റിനെ ലക്ഷ്യവച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സംശയം.

 

Top