ന്യൂഡല്‍ഹി: വ്യക്തി വിവരങ്ങൾ സോഷ്യല്‍ മീഡിയ വഴി ചോർത്തി തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സോഷ്യല്‍ മീഡിയയിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഡിജിറ്റല്‍ എക്കോണമി മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
സോഷ്യല്‍ മീഡിയ വിവരങ്ങളെ ദുരുപയോഗം ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വന്നതു മുതല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലെ ദുരുപയോഗ പ്രവണതകള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ പ്രക്രിയയുടെ വിശുദ്ധിയുടെ കാര്യത്തില്‍ ഒരുവിധത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ ഇന്ത്യ ഒരുക്കമല്ല. തിരഞ്ഞെടുപ്പ് പ്രക്രിയയെ മലിനമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈബര്‍ ഇടത്തെ സുരക്ഷിതമാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യ വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്. എന്നാല്‍, തീവ്രവാദം അടക്കമുള്ളവയ്ക്ക് വിവരങ്ങളുടെ സ്വകാര്യത ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അപകടകരങ്ങളായ ആശയങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനെതിരെയുളള നടപടികള്‍ക്കായി പ്രാദേശിക അന്താരാഷ്ട്ര സഹകരണവും തേടും എന്നും അദ്ദേഹം പറഞ്ഞു