കൊച്ചി:ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ പേരിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ പുത്തൻ നേട്ടത്തിന്റെ ആഘോഷം കൊടുമ്പിരിക്കൊണ്ട സമയം. അതിനിടയിലാണ് ഇടിത്തീ പോലൊരു വാർത്ത. സമയവും സന്ദർഭവും നോക്കാതൊരു ആത്മഹത്യ!
അതിപ്പോ, ടി വി കേടായി ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നതിന് എന്താണുറപ്പ്? വേറെന്തിങ്കിലും കാരണം കൊണ്ടാണെങ്കിലോ? വാർത്തയ്ക്ക് ഫേസ്ബുക്കിൽ ആദ്യം വന്നൊരു കമന്റാണിത്. പ്രബുദ്ധരാണെന്ന് ഊണിലും ഉറക്കത്തിലും വിളിച്ചു പറഞ്ഞ് ഞെളിയുന്ന ഒരു മലയാളിയുടെ കമന്റ്! പാവപ്പെട്ടൊരാൾ ആത്മഹത്യ ചെയ്തോ? വേറെന്തെങ്കിലും കാണും… ശരിയാണ് ദാരിദ്ര്യം ആത്മഹത്യയ്ക്ക് കാരണമാകില്ലല്ലോ… കാരണം ഇവിടെ ദാരിദ്ര്യമില്ലല്ലോ! നമ്പർ വൺ അല്ലേ നമ്മൾ…
ദേവികയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയുമോ മുഖ്യമന്ത്രീ താങ്കൾക്ക്? എന്തിനായിരുന്നു ഇത്ര ധൃതി? ഒരൽപ്പം കാത്തിരുന്നുവെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ? ട്രയൽ റണ്ണാണെന്ന് ആദ്യമേ പറഞ്ഞിരുന്നില്ലേ എന്ന് തിരിച്ചൊരു ന്യായം പറച്ചിൽ വരുമെന്നറിയാം. എല്ലാറ്റിനുമൊടുവിൽ പഴി മൊത്തം കേൾക്കാൻ പോകുന്നത് ആ അച്ഛനും അമ്മയും ആണെന്നും അറിയാം. എന്നാലും ദാരിദ്ര്യമില്ലല്ലോ! നമ്പർ വൺ അല്ലേ നമ്മൾ…
ദ ഗാർഡിയനും ബി ബി സി യും പോലുള്ള മാധ്യമങ്ങൾ കേരള മാഹാത്മ്യത്തിന്റെ അടുത്ത എപ്പിസോഡിനായി ക്യൂ നിൽക്കുന്നത് കാണുന്നില്ലേ? ഡിജിറ്റൽ സാക്ഷരതയിലും നമ്മൾ കേമൻമാർ തന്നെയാണെന്ന് കാണിക്കാനുള്ള സുവർണ്ണാവസരമാണ് കളഞ്ഞു കുളിച്ചത് എന്നായിരിക്കും ആത്മഗതം!
ആരാണ് ഉത്തരവാദി? സംശയം വേണ്ട. ഭരണകൂടം തന്നെ. ”കൊവിഡ് കാലത്തെ നമ്പർ വൺ മേനിനടിക്കലിന്റെ ഭാഗമായാണോ ജൂൺ ഒന്നിനു തന്നെ ഓൺലൈൻ പാഠം തുറന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റുപറയാനാകുമോ!
പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന കണക്ക് കയ്യിലുണ്ടായിരുന്നുവത്രേ. എങ്കിൽ സർക്കാർ എന്തുകൊണ്ട് ബദൽ സൗകര്യം ഉറപ്പാക്കാതെ അധ്യയനം തുടങ്ങിയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. സർക്കാരിന്റെ തെറ്റായ തീരുമാനത്തിന്റെ ഇര! മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മാപ്പു പറഞ്ഞേ മതിയാകൂ.” കേന്ദ്ര മന്ത്രി വി മുരളീധരൻ ആരോപിച്ചതു പോലെ വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കുട്ടികളെ തിടുക്കത്തിൽ തള്ളിവിട്ട സംസ്ഥാന സർക്കാർ തന്നെയാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി. ”സ്കൂളുകളിൽ ഇരിക്കുന്ന ലാപ്ടോപുകളും പ്രൊജക്ടറുകളും ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്തവർക്കിടയിലെത്തിക്കാൻ ഒരു ആലോചനയും നടന്നില്ലേ? അധ്യാപകർക്ക് എന്ത് പരിശീലനമാണ് ഓൺലൈനാകാൻ നൽകിയത്?” അദ്ദേഹം ചോദിക്കുന്നു. “സംപ്രേഷണം മാത്രമൊരുക്കിയാൽ വിദ്യാഭ്യാസം ഓൺലൈനാകില്ല, അതിന് ആദ്യം വേണ്ടത് ഓഫ് ലൈനിലുള്ളവരെ കണ്ടെത്തി ഓൺലൈനാകാൻ സജ്ജരാക്കുകയാണ്.” ഒരു എതിർ രാഷ്ട്രീയക്കാരന്റെ പകപോക്കലായി ഇതിനെ കണക്കാക്കണ്ട.കാരണം ചില പൊള്ളുന്ന യാഥാർത്ഥ്യങ്ങളുണ്ട് ആ ചോദ്യത്തിൽ.
കാസർകോട്ടെ കേന്ദ്ര സർവകലാശാല അധ്യാപകനായ ഇഫ്ത്തിക്കർ അഹമ്മദ് പറഞ്ഞതുപോലെ ‘ജാതി, മത, വർണ്ണ വ്യത്യാസങ്ങളോടൊപ്പം, പുതിയൊരു വിഭജനം കൂടി – ഡിജിറ്റൽ ഡിവൈഡ് !!’
സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിന്റെ ട്രയൽ റൺ. അതിനുള്ള ഗിനിപ്പന്നികളാണ് ഇവർ. ചത്താലെന്ത് ! ജീവിച്ചാലെന്ത്! നമുക്ക് നമ്പർ വൺ ആയാൽ മതിയല്ലോ!
മാധ്യമ പ്രവർത്തകനായ കെ പി റഷീദ് എഴുതുന്നു. “ദാരിദ്ര്യം വിതയ്ക്കുന്ന അപമാനങ്ങളുണ്ട്. വളരുന്ന പ്രായത്തിൽ കൗമാരക്കാർക്ക് അത് സഹജമാണ്. ആത്മ ബോധവും ഈഗോയും ഒക്കെ മുളക്കുന്ന നേരം. അന്നേരം, മറ്റുള്ളവർക്കുള്ളത് പോലെ ടിവിയോ സ്മാർട്ട് ഫോണോ നെറ്റ് കണക്ഷനോ ഒന്നുമില്ലെന്ന് അധ്യാപകനോട് സമ്മതിക്കേണ്ടി വന്നതൊക്കെ ആവാം അവളെ ആത്മഹത്യയിലേക്ക് നടത്തിയത് എന്നാണ് അച്ഛനമ്മമാരെ കേൾക്കുമ്പോൾ ബോധ്യമായത്. അങ്ങനെ ഒക്കെ തോന്നിപ്പോകാമെന്ന്, അത്തരമൊരു പ്രായത്തിലെ മാനസികാവസ്ഥകൾ ഓർമ്മിക്കുമ്പോൾ എനിക്കും തോന്നുന്നുണ്ട്. ”
ഇപ്പോഴും ചിലർ ഉരുവിടുന്നുണ്ട്… മറ്റെന്തെങ്കിലും കാരണം കാണും! കാരണം അവരുടെ കേരളത്തിൽ ദാരിദ്ര്യമില്ലല്ലോ! നമ്പർ വൺ അല്ലേ നമ്മൾ!
ഇനിയും എത്രയോ ദേവികമാർ ആത്മഹത്യ ചെയ്യാനായി കാത്തു നിൽക്കുന്നു. അവർക്ക് സ്മാർട്ട് ഫോൺ, ടാബ്ലറ്റ് സംഘടിപ്പിക്കാനായി സംഘടനകളും മാധ്യമങ്ങളും ക്യാമ്പയിനുകൾ തുടങ്ങിയിട്ടുണ്ട്. മൊബൈലും ടാബ്ലറ്റും കിട്ടിയാൽ അവരുടെ പ്രശ്നങ്ങൾക്ക് കംപ്ലീറ്റ് പരിഹാരമായി എന്ന് ധരിക്കുന്ന പമ്പരവിഡ്ഢികൾ. അവരുടെ കേരളത്തിൽ അരി വാങ്ങാൻ കഴിയാത്തത്രയും ദരിദ്രൻമാർ ഇല്ലല്ലോ… നമ്പർ വൺ അല്ലേ നമ്മൾ…