ഡിജിപിയും സര്‍ക്കാരും തമ്മിലടിക്കുന്നു; സെന്‍കുമാറിന്റെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ നടത്തിയ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. പൊലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് ബിനാകുമാരി അതേ തസ്തികയില്‍ തന്നെ തുടരട്ടെയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൂടിയാലോചനകളിലൂടെ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ സെന്‍കുമാറിനു നിര്‍ദേശം നല്‍കി.

സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെയാണ്, അതീവ രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി ബ്രാഞ്ച് ജൂനിയര്‍ സൂപ്രണ്ട് ബീനാകുമാരി ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റി ടിപി സെന്‍കമാര്‍ ഉത്തരവിറക്കിയത്. ഇതിനെത്തുടര്‍ന്ന് അവര്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ചട്ടങ്ങള്‍ക്കു വിരുദ്ധമായാണ് തന്നെ സ്ഥലം മാറ്റിയത് എന്നാണ് അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ചട്ടപ്രകാരം തന്നെയാണ് സ്ഥലം മാറ്റം എന്ന് സെന്‍കുമാര്‍ വിശദീകരണം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടുവളളി എംഎല്‍എ കാരാട്ട് റസാഖ് നല്‍കിയ പരാതി പൂഴ്ത്തിവച്ചെന്നു കണ്ടതിനെത്തുടര്‍ന്നാണ് ജൂനിയര്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയത് എന്നാണ് സെന്‍കുമാര്‍ വിശദീകരണം നല്‍കിയത്. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചായിരുന്നു എംഎല്‍എയുടെ പരാതി. ഈ ഫയല്‍ കൈയില്‍ വച്ചു ദീര്‍ഘിപ്പിച്ചെന്നാണ് ജൂനിയര്‍ സൂപ്രണ്ടിന് എതിരെയുള്ള ആക്ഷേപം. അതേസമയം എംഎല്‍എയുടെ പരാതിയുടെ കാര്യത്തില്‍ ഓഫിസില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ റിപ്പോര്‍ട്ട് നല്കിയതായും സൂചനകളുണ്ട്.

സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞിട്ടും ബീനാകുമാരി തസ്തിക മാറിയിരുന്നില്ല. ഇവര്‍ പുതിയ തസ്തികയില്‍ ജോയിന്‍ ചെയ്യുകയോ ഉത്തരവ് അനുസരിച്ച് നിയമിതരായ പുതിയ ആളുകള്‍ക്ക് ജോയിന്‍ ചെയ്യാന്‍ അവസരം നല്‍കുകയോ ചെയ്തില്ല. ഇതിനു പിന്നാലെയാണ് ബിനാകുമാരിയെ അതേ തസ്തികയില്‍തന്നെ തുടരാന്‍ അനുവദിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.

കോടതി ഉത്തരവിലൂടെ പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയ സെന്‍കുമാറും സര്‍ക്കാരും തമ്മിലുള്ള ബലാബലം മൂര്‍ഛിക്കുമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. സെന്‍കുമാര്‍ സ്ഥാനമേല്‍ക്കുന്നതിനു തൊട്ടുമുമ്പായി പൊലീസ് ആസ്ഥാനത്ത് സര്‍ക്കാര്‍ അഴിച്ചുപണി നടത്തിയിരുന്നു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി ടോമിന്‍ ജെ തച്ചങ്കരിയെ നിയമിച്ചതായിരുന്നു ഇതില്‍ മുഖ്യം. തച്ചങ്കരിയുടെ സമാന്തര ഭരണമാണ് പൊലീസ് ആസ്ഥാനത്ത് നടക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സെന്‍കുമാര്‍ നടത്തിയ സ്ഥലംമാറ്റം റദ്ദുചെയ്ത് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.

 

Top