കൊച്ചി: പൊലീസിന്റെ പെരുമാറ്റ നയത്തില്‍ വന്‍ അഴിച്ചു പണിയുമായി ഡിജിപി. പൊതുജനങ്ങളുമായുള്ള പൊലീസിന്റെ ഇടപെടലിനെതികരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസിനെ പെരുമാറ്റം പഠിപ്പിക്കാന്‍ ഡിജിപി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.
വിദ്യാര്‍ത്ഥികളേയും പ്രായം കുറഞ്ഞവരേയും മോനെ എന്ന് വിളിക്കാമെന്ന് പൊലീസിന് നിര്‍ദേശം. അതിന് മുന്നില്‍ ഒന്നും ചേര്‍ക്കേണ്ട എന്നും പ്രത്യേകം നിര്‍ദ്ദേശമുണ്ട്. പ്രായം കൂടുതലാണെങ്കില്‍ സര്‍ എന്നോ ചേട്ടാ എന്നോ വിളിക്കാം. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം ജില്ലകളില്‍ നടക്കുന്ന പരിശീലന ക്ലാസുകളിലാണ് നിര്‍ദേശം. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്നും എന്തൊക്കെ പ്രകോപനം ഉണ്ടായാലും അസഭ്യവാക്കുകള് ഉപയോഗിക്കരുതെന്നും ക്ലാസെടുത്തവര്‍ നിര്‍ദേശം നല്‍കി.
വാഹന പരിശോധനയ്ക്ക് സ്ഥിരമായി പൊയിന്റുകള്‍ നിര്‍ദേശിക്കണമെന്നും അക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ പൊയിന്റുകളില്ലാത മറ്റ് സ്ഥലങ്ങളില്‍ വാഹന പരിശോധന പാടില്ല. വാഹനങ്ങള്‍ നിര്ത്താതെ പോയാല്‍ പിന്തുടരാന്‍ പാടില്ല. രേഖകള്‍ പരിശോധിക്കണമെങ്കില്‍ പൊലീസ് വാഹനത്തിന് അടുത്തേക്ക് പോകണം. കുടുംബമായി യാത്ര ചെയ്യുന്നവരെ റോഡില്‍ തടഞ്ഞുനിര്‍ത്തുന്ന രീതി അവസാനിപ്പിക്കണം.
വൈകുന്നേരം അഞ്ചുമണിക്ക് ശേഷം വാഹന പരിശോധന വേണ്ട. മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് മാത്രമേ രാത്രിയില്‍ പരിശോധിക്കാവു. ടിപ്പര്‍ ലോറികളെ സ്‌കൂള്‍ സമയത്ത് മാത്രമേ തടയാവു. അല്ലാത്ത സമയങ്ങളില്‍ നമ്പര്‍ നോട്ട് ചെയ്ത് നിയമനടപടി സ്വീകരിക്കണം.