നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുളള കുറ്റപത്രം തയ്യാര്‍. കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുളള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കി. നടി ആക്രമിക്കപ്പെട്ട് എട്ടുമാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നതെങ്കിലും മജിസ്‌ട്രേറ്റ് അവധി ആയതിനാല്‍ ദിവസം മാറ്റുകയായിരുന്നു. ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്. കേസിന്റെ പ്രാധാന്യവും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുളള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാരിന് മുന്‍പാകെ ഡിജിപി സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
നടി ആക്രമിക്കപ്പെട്ടിട്ട് എട്ടുമാസങ്ങള്‍; ദിലീപിനെതിരായി തെളിവ് നശിപ്പിക്കല്‍ അടക്കം എട്ടുവകുപ്പുകള്‍; കുറ്റപത്രം ഉടന്‍ കോടതിക്ക് കൈമാറും
Tags: dileep case