തനിക്ക്‌ സുരക്ഷാ ഭീഷണിയുണ്ടന്ന് ദിലീപ്; ഭീഷണി കേസ് നല്‍കിയവരില്‍ നിന്ന്; സുരക്ഷാ ജീവനക്കാരെക്കുറിച്ച് പൊലീസിന് വിശദീകരണം നല്‍കി

കൊച്ചി: ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താന്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നു നടന്‍ ദിലീപ്. തനിക്കെതിരെ കേസ് നല്‍കിയവരില്‍ നിന്നാണു ഭീഷണി നേരിടുന്നത്. സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഇതുവരെ നിയോഗിച്ചിട്ടില്ല. അവരുമായി കൂടിയാലോചനകള്‍ മാത്രമാണു നടന്നത്. സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു നടന്‍ ദിലീപിനു പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ദിലീപ് രംഗത്തുവന്നത്.

ആലുവ പൊലീസ് ഞായറാഴ്ചയാണ് ദിലീപിനു നോട്ടിസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം. അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരക്ഷാ ഭീഷണിയുണ്ടെന്നും തനിക്കെതിരെ കേസുകൊടുത്തവരില്‍ നിന്നാണ് ഭീഷണിയെന്നുമാണ് ദിലീപ് പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്പും പിന്‍പും തനിക്കെതിരെ നിരവധി ആളുകള്‍ കേസ് നല്‍കിയിട്ടുണ്ട്. അവരില്‍ നിന്നാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. – ദിലീപ് പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തന്റെ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല. ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുമായി ഇക്കാര്യത്തില്‍ കൂടിയാലോചന മാത്രമാണ് നടന്നത്. ഇതിന്റെ ഭാഗമായി അവര്‍ തന്നെ കാണാന്‍ എത്തുകയായിരുന്നു. – ദിലീപ് മറുപടിയില്‍ പറയുന്നു.

ദിലീപ് സ്വകാര്യ സെക്യൂരിറ്റിയെ തന്റെ സുരക്ഷയ്ക്കായി നിയോഗിച്ചുവെന്ന വിവരം വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. അങ്ങനെയെങ്കില്‍ അവരുടെ കൈവശം ഏതൊക്കെ ആയുധങ്ങളുണ്ട്, എത്രപേരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസ് വിശദീകരണം തേടിയത്.

നാവികസേനാ മുന്‍ ഓഫീസറുമായ അനില്‍ നായരുടെ ഉടമസ്ഥതയിലുള്ള തണ്ടര്‍ഫോഴ്സിന്റെ വാഹനങ്ങളും ഉദ്യോഗസ്ഥരും ദിലീപിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ദിലീപ് സ്വയരക്ഷയ്ക്കായി ഇവരെ നിയോഗിച്ചുവെന്ന സംശയം ശക്തമായത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് എന്തിനാണ് ഇത്തരത്തില്‍ ഒരു ഏജന്‍സിയെ സ്വയരക്ഷയ്ക്കായി നിയോഗിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നു. തോക്കുധാരികളാകും ദിലീപിനൊപ്പം സുരക്ഷയ്ക്കുണ്ടാകുകയെന്നും യാത്രചെയ്യാന്‍ ഏജന്‍സിയുടെ വാഹനം ഉണ്ടാവുമെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകളും വന്നു.

മൂന്നു പേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചതായും മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടതെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നതോടെയാണ് പൊലീസ് ഇക്കാര്യത്തില്‍ ്അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഏജന്‍സിയുടെ വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ദിലീപിനോട് ഇക്കാര്യത്തില്‍ സുരക്ഷാ ഏജന്‍സിയെ നിയോഗിച്ചോ എന്ന കാര്യത്തില്‍ വിശദീകരണം തേടിയത്.

കഴിഞ്ഞദിവസം രാവിലെ 11 പേരടങ്ങിയ സംഘം ദിലീപിന്റെ ആലുവയിലെ കൊട്ടാരക്കടവിലെ വീട്ടിലെത്തിയതോടെയാണ് ഇക്കാര്യത്തില്‍ വാര്‍ത്തകള്‍ വന്നത്. ആലുവയിലെ ഒരുകടയില്‍നിന്ന് 37,000 രൂപയുടെ നിലവിളക്കും ഇവര്‍ ദിലീപിന് നല്‍കാനായി വാങ്ങിയിരുന്നതായ വിവരവും പുറത്തുവന്നു. മൂന്നുകാറുകളിലായാണ് സംഘം എത്തിയത്. ഇവരുടെ വരവുസംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും നടത്തുന്നുണ്ട്.

ഇതിനിടെ സ്വകാര്യവ്യക്തികളുടെയും വ്യവസായികളുടെയും സിനിമാതാരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന തണ്ടര്‍ഫോഴ്സ് ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ദിലീപിന് സുരക്ഷയൊരുക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച കാര്യം പൊലീസ് അറിഞ്ഞിരുന്നില്ല. ഇതാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ്പി. എ.വി. ജോര്‍ജ് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിശദീകരണത്തിന് മറുപടിയുമായി ദിലീപ് എത്തുന്നത്.

Top