കൊച്ചി: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍) അന്തരിച്ചു.തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 3 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു.ഹൃദ്രോഗ ബാധയെത്തുടർന്നു ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചുവന്നിരുന്ന സച്ചിക്കു ഹൃദ്രോഗബാധയുണ്ടാകുകയായിരുന്നു. തുടർന്ന് ചൊവ്വ പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച കെ.ആർ. സച്ചിദാനന്ദൻ എന്ന സച്ചി എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്. എഴുതിയ തിരക്കഥകളിൽ ഭൂരിഭാഗവും ഹിറ്റുകളാക്കിയ സച്ചി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. അടുത്ത കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം. പ്രമേയത്തിലും അവതരണത്തിലും പുലർത്തിയ വ്യത്യസ്തതയാണ് സച്ചി ചിത്രങ്ങളുടെ പ്രത്യേകത. പ്രണയവും പകയും നർമവും പ്രതികാരവുമൊക്കെ വ്യത്യസ്ത ഭാവങ്ങളിൽ ആ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.
കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്ത സച്ചി, നൂറോളം വേദികളിൽ നടനായിട്ടുമുണ്ട്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിൽ സിനിമ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദമില്ലാത്തതിനാൽ നടന്നില്ല. സിഎയ്ക്കു പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അക്കാലത്താണ് സേതുവുമായി അടുപ്പമുണ്ടായതും ഒരുമിച്ച് സിനിമ ചെയ്യാൻ പദ്ധതിയിട്ടതും.
2007 ൽ പൃഥ്വിരാജ് ചിത്രം ചോക്കലേറ്റിന് സുഹൃത്ത് സേതുവുമായി ചേർന്ന് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തിയത്. ഷാഫി സംവിധാനം ചെയ്ത ചിത്രം സൂപ്പർഹിറ്റായിരുന്നു. തുടർന്നുവന്ന റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങളും വിജയമായിരുന്നു. ഡബിൾസ് എന്ന ചിത്രത്തിനു ശേഷം 2012 ൽ സേതുവുമായി പിരിഞ്ഞു.
റൺ ബേബി റൺ എന്ന മോഹൻലാൽ ചിത്രത്തിനാണ് സച്ചി ആദ്യം തനിയെ തിരക്കഥയൊരുക്കിയത്. 2012 ൽ ചേട്ടായീസ് എന്ന സിനിമയുടെ നിർമാണത്തിൽ പങ്കാളിയായി. 2015 ൽ പുറത്തുവന്ന അനാർക്കലിയിലൂടെയാണ് സംവിധായകനായത്. പൃഥ്വിരാജ് നായകനായ പ്രണയചിത്രം വൻഹിറ്റായിരുന്നു. 2017 ൽ അരുൺഗോപിക്കു വേണ്ടി എഴുതിയ ദിലീപ് ചിത്രം രാമലീലയും വിജയമായി. ദിലീപിന്റെ ജയിൽവാസത്തിനു ശേഷം റിലീസ് ചെയ്ത ആദ്യ ചിത്രമെന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞ രാമലീല പ്രേക്ഷകപ്രശംസയും നേടി.
2019 ൽ ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസിനു തിരക്കഥയൊരുക്കി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വൻവിജയമായിരുന്നു. തുടർന്ന് സച്ചിയുടെ രണ്ടാം സംവിധാനസംരംഭം അയ്യപ്പനും കോശിയും പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ബിജുമേനോനും പൃഥ്വിരാജും ടൈറ്റിൽ റോളുകളിലെത്തിയ ചിത്രം മറ്റു ഭാഷകളിൽ റീമേക്കിന് ഒരുങ്ങുന്നതും വലിയ വാർത്തയായിരുന്നു. തമിഴിലും തെലുങ്കിലും പ്രധാന വേഷങ്ങൾ ആരു ചെയ്യുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം സജീവമായിരുന്നു.