അഭിഭാഷകനിൽ നിന്ന് സിനിമാരംഗത്തേക്ക്: സച്ചിയുടെ സിനിമാ ജീവിതം

കൊച്ചി:മലയാള സിനിമയ്ക്ക് തീരാ നഷ്ടം നൽകിക്കൊണ്ടാണ് സച്ചി യാത്രയാവുന്നത്. അഭിഭാഷകവൃത്തിയിയിൽ നിന്നാണ് സച്ചി സിനിമാ ലോകത്തേയ്ക്ക് കാലെടുത്തുവെക്കുന്നത്. എട്ടുവർഷം അഭിഭാഷകനായി സേവനമനുഷ്ഠിച്ച കെ ആർ സച്ചിദാനന്തൻ എന്ന സച്ചി കൈവെച്ച തിരക്കഥകളെല്ലാം തന്നെ ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. തിരക്കഥാ രചനയിൽ നിന്ന് സംവിധായകനായി തിളങ്ങിയപ്പോഴും ഹിറ്റുകൾ സച്ചിക്കൊപ്പം തന്നെ നിന്നിരുന്നു.

തൃശൂര്‍ വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ സച്ചിയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇതോടെ ഗുരുതരാവസ്ഥയിലായതോടെ ജൂൺ 16ന് പുലർച്ചെ തന്നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുു. എന്നാൽ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുകയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂരിലെ കൊടുങ്ങല്ലൂരിൽ ജനിച്ച സച്ചി കോളേജ് വിദ്യാഭ്യാസ കാലത്ത് നാടകത്തോടും ഫിലിം സൊസൈറ്റിയോടും കമ്പം സൂക്ഷിച്ച ആളായിരുന്നു. ഇതിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സിഎയ്ക്ക് പഠിക്കുന്ന കാലയളവിൽ നിയമപഠനവും പൂർത്തിയാക്കി ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. സേതുവുമായുള്ള അടുപ്പമാണ് പിൽക്കാലത്ത് ഒരുമിച്ച് സിനിമ ചെയ്യുന്നതിലേക്ക് എത്തിച്ചത്.സച്ചി ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. 2015ൽ പൃഥ്വിരാജിനെ നായകനാക്കി അനാർക്കലി എന്ന ചിത്രവും സച്ചി സംവിധാനം ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകളും ഒരുക്കിയിട്ടുണ്ട്. സംവിധാനം നിർവഹിച്ച സിനികളുടേത് ഉൾപ്പെടെ ഏഴ് തിരക്കഥകളും സച്ചി സ്വന്തമായി രചിച്ചിട്ടുണ്ട്.

വിമൻസ് കോളജിൽ പഠിക്കാൻ എത്തുന്ന ആദ്യത്തെ പുരുഷ വിദ്യാർത്ഥിയുടെ കഥ പറഞ്ഞ് 2007ൽ ചോക്ലേറ്റുമായാണ് സച്ചിദാനന്ദൻ എന്ന അഭിഭാഷകൻ സച്ചിയായി കൂട്ടുകാരൻ സേതുവുമൊത്ത് മലയാള സിനിമയിലേക്ക് വന്നത്. അതിന്റെ വിജയം വെറുതെയുണ്ടായതല്ലെന്ന് തൊട്ടുപിന്നാലെ വന്ന റോബിൻഹുഡ് തെളിയിച്ചതോടെ സച്ചിയും സേതുവും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി.അടുത്ത രണ്ട് ചിത്രങ്ങൾ, മേക്കപ്പ് മാനും സീനിയേഴ്സും കച്ചവടത്തിലെ ഗ്രാഫുയർത്തിയെങ്കിലും ആദ്യത്തെ മമ്മൂട്ടി ചിത്രമായ ഡബിൾസ് അത്ര നല്ല അനുഭവമായിരുന്നില്ല. തുടർന്ന് ആ കൂട്ടുകെട്ട് വഴിപിരിഞ്ഞു. പിന്നെ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയപ്പോൾ മോഹൻലാലിന്റെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നിനാണ് വഴി തെളിഞ്ഞത്. തുടർന്ന് ചേട്ടായീസ് എന്ന ഒരു ചെറിയ ചിത്രം സാമ്പത്തിക വിജയമായതിന്റെ പിന്നിലും സച്ചി എന്ന എഴുത്തുകാരനായിരുന്നു. ഒപ്പം അതിന്റെ നിർമാതാക്കളിൽ ഒരാളുമായിരുന്നു.

പിന്നീട് ഏതാണ്ട് മൂന്നു വർഷത്തിന് ശേഷം, 2015ലാണ് സച്ചി സ്വതന്ത്ര സംവിധായകനായത്. ആദ്യ സിനിമയിലെ നായകൻ പൃഥ്വിരാജ് തന്നെയായിരുന്നു അനാർക്കലി എന്ന സിനിമയിലെ നായകൻ. ഒപ്പം ബിജു മേനോനും. മലയാള സിനിമയിൽ അധികമാരും പരീക്ഷിക്കാത്ത ലക്ഷദ്വീപിന്റെ ഭംഗിയിലൂടെ ഒരു കഥ പറഞ്ഞപ്പോൾ അത് ഏറെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു. ഹിന്ദി സിനിമയിലൂടെ പ്രശസ്തനായ കബീർ ബേഡിയും ഈ സിനിമയിലൂടെ മലയാളത്തിലെത്തി. ഏറെ തവണ പറഞ്ഞ പ്രണയകഥ തന്നെ പറഞ്ഞപ്പോഴും കഥയിലെ പിരിവുകളും മുറുക്കവും കൊണ്ടാണ് അനാർക്കലി ശ്രദ്ധേയമായത്.

എന്നാൽ പിന്നീട് വൻ വിവാദമായ ഒരു റിലീസിലൂടെയാണ് സച്ചി വീണ്ടും ശ്രദ്ധാകേന്ദ്രമായത്. 2017ൽ ദിലീപ് നായകനായ രാമലീലയിലൂടെ. പുതുമുഖ സംവിധായകന് വേണ്ടി എഴുതിയ തിരക്കഥയും നായകനായ ദിലീപിന്റെ യഥാർത്ഥ ജീവിതത്തിലെ ജയിൽ വാസവും മറ്റു സംഭവവികാസങ്ങളും ചേർന്നപ്പോൾ സിനിമയേത്, യാഥാർത്ഥ്യമേത് എന്ന് സിനിമാക്കാർക്ക് പോലും സംശയമായി. വലിയൊരു പരീക്ഷണമായിരുന്നു രാമലീലയിലൂടെ നടന്നത്. എന്നാൽ ചിത്രം എല്ലാത്തരം പ്രതിബന്ധങ്ങൾക്കും അപ്പുറം വലിയ വിജയമായി. തീയറ്ററിൽ എത്തിയവരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ തന്നെയായിരുന്നു പ്രേക്ഷകരെ ആകർഷിച്ചത്.

തുടർന്ന് രണ്ട് വർഷത്തിന് ശേഷം ജീൻ പോൾ ലാലിന്റെ സംവിധാനത്തിൽ ഡ്രൈവിംഗ് ലൈസൻസുമായാണ് സച്ചി എന്ന എഴുത്തുകാരൻ തിരിച്ചുവന്നത്. വളരെ നിസാരമെന്ന് തോന്നിക്കുന്ന കഥാ തന്തുവിനെ അങ്ങേയറ്റം പിരിമുറുക്കത്തോടെ 135 മിനിറ്റ് കൊണ്ടുപോകാൻ സച്ചിക്ക് കഴിഞ്ഞു. താരവും ആരാധകനും തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥ അതുകൊണ്ടുതന്നെ 2019ലെ ഏറ്റവും വലിയ വിജയമായി. പക്ഷേ. സച്ചിയുടെ ഏറ്റവും വലിയ വമ്പൻ വിജയം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അയ്യപ്പനും കോശിയും.

ഡ്രൈവിങ് ലൈസൻസിന്റെ കഥാതന്തുവിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത കഥ തന്നെയായിരുന്നു ഈ സിനിമയും, രണ്ട് വ്യക്തികൾ തമ്മിലുള്ള ഈഗോ ക്ലാഷ്. എന്നാൽ വ്യത്യസ്തമായ മറ്റൊരു കഥാപ്രപഞ്ചം ആയിരുന്നു തന്റെ രണ്ടാമത്തെ സംവിധാന സംരഭത്തിനായി സച്ചി കരുതിവെച്ചിരുന്നത്. സിനിമയിലൂടെ അധികമൊന്നും കാണാത്ത അട്ടപ്പാടി എന്ന സ്ഥലത്തിന്റെ നിയമവും ഭൂമിശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഇഴകലർത്തിയായിരുന്നു ചിത്രമെത്തിയത്. അങ്ങേയറ്റം പിരിമുറക്കം സമ്മാനിച്ച ചിത്രം അതുകൊണ്ടുതന്നെ ബോക്സോഫീസിൽ 50 കോടി കടക്കാൻ താമസമുണ്ടായില്ല.

മഹാമാരി വന്ന് ലോക്ക്ഡൗൺ എത്തി തിയറ്ററുകൾ അടയ്ക്കുമ്പോഴും അയ്യപ്പനും കോശിയും കാണാൻ ആളുകൾ ക്യൂ നിൽക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം ആളുകളെ, രസിപ്പിച്ച്, ചിന്തിപ്പിച്ച് കടന്നുപോയ ചിത്രത്തിലെ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പും സംഭാഷണത്തിലെ കൃത്യതയും കഥയും പശ്ചാത്തലവും തമ്മിലുള്ള ചേർച്ചയും അയ്യപ്പനും കോശിയും എന്ന ചിത്രം മലയാളത്തിന് മറക്കാനാകാത്ത ഒരു ശിൽപമായി മാറി. വാൻ വാണിജ്യ വിജയമായതിനാലാണ് ഹിന്ദി പറയാൻ അയ്യപ്പനും കോശിയും തുടങ്ങിയത്.

കഥയുടെ പുറകിൽ വെറുതെ എടുത്തു വെക്കുന്ന ദൃശ്യമല്ല സിനിമയുടെ ലൊക്കേഷൻ എന്ന് തെളിയിക്കുന്നതായിരുന്നു സച്ചിയുടെ രണ്ടു സംവിധാന സംരംഭങ്ങളും. ലക്ഷദ്വീപ് ഇല്ലെങ്കിൽ അനാർക്കലി ഇല്ല. അട്ടപ്പാടി ഇല്ലെങ്കിൽ അയ്യപ്പനും കോശിയും തമ്മിൽ ഏറ്റുമുട്ടില്ല. കഥ പറയാൻ ആ ഇടങ്ങൾ തിരഞ്ഞു പിടിച്ചു; കഥ പറഞ്ഞു.

കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അഭിനേതാക്കളെ കണ്ടെത്തുന്നതിലും പ്രതിഭ തെളിഞ്ഞു നിന്നു. വർഷങ്ങളായി നമുക്കിടയിൽ ഉണ്ടായിരുന്നു കോട്ടയം പ്രദീപും നഞ്ചമ്മയും ഗൗരി നന്ദയും ഒക്കെ. പക്ഷെ സച്ചി കണ്ടെടുക്കുന്നതു വരെ അവരെ അധികം പേർക്കറിയില്ലായിരുന്നു. രഞ്ജിത് എന്ന ചലച്ചിത്രകാരനും ജോണി ആന്റണി എന്ന സംവിധായകനും ഇത്ര മികച്ച അഭിനേതാക്കളാണെന്നു മലയാളം തിരിച്ചറിഞ്ഞത് സച്ചിയുടെ കണ്ണിലൂടെയായിരുന്നു. നാം മറന്നു പോയേക്കുമായിരുന്ന, വിവാദങ്ങളിൽ അസ്തമിച്ചു പോകുമായിരുന്ന, കാണാതെ പോകുമായിരുന്ന നടീ നടൻമാർ ഒക്കെ കുറച്ചു രംഗങ്ങളിലൂടെ കടന്നു വന്നു.ഒരിക്കലും മറഞ്ഞു പോകാതെ.

പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനത സിനിമ എന്ന അഴകളവുകളുടെ ലോകത്തേക്ക് കടന്നു വന്നു,ലിപിയില്ലാത്ത ഒരു പാട്ടിലൂടെ. ഭൂമി നഷ്ടപ്പെട്ട ജനതയുടെ പ്രതിനിധി നിവർന്നു നിന്ന് അവളുടെ രാഷ്ട്രീയം പറഞ്ഞു. ജാതിയുടെ പിന്നിലെ മടുപ്പിക്കുന്ന പുരാവൃത്തവും സച്ചി പറഞ്ഞു.

തന്റെ അസോസിയേറ്റായിരുന്ന ജയൻ നമ്പ്യാര്‍ക്ക് വേണ്ടി പൃഥ്വിരാജുമൊത്തുള്ള ചിത്രമായിരുന്നു സച്ചിയുടെ അടുത്ത സംരംഭം. അടുപ്പക്കാരായ ബിജു മേനോനും പൃഥ്വിരാജിനും വേണ്ടി കുറേ കഥകൾ തനിക്ക് പറയാനുണ്ടെന്ന് ഒരു അഭിമുഖത്തിൽ സച്ചി പറഞ്ഞിരുന്നു. ഇനി ആ കഥകളൊന്നും പറയാൻ സച്ചി ഇല്ല. അത് ആ രണ്ട് നടന്മാരുടെ മാത്രം നഷ്ടമല്ല, കഥയുള്ള സിനിമകൾ കാണാൻ തിയറ്ററുകളിലേക്ക് ഇരച്ചെത്തുമായിരുന്ന വലിയ ജനക്കൂട്ടത്തിന്റെ തന്നെ നഷ്ടമാണ്.

 

Top