സിംല: ആശുപത്രി കിടക്കയില്‍ കിടന്ന് രണ്ട് അമ്മമാര്‍ ഒരു കുഞ്ഞിനുവേണ്ടി അടികൂടി. യുവതി പ്രസവിച്ചപ്പോള്‍ പുറത്തുനിന്ന ബന്ധുക്കളോട് പറഞ്ഞത് ആണ്‍കുട്ടിയെന്ന്, പിന്നീട് കൈമാറിയത് പെണ്‍കുട്ടിയെ. ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ പെണ്‍കുട്ടിയല്ലെന്ന് റിപ്പോര്‍ട്ടും. എന്താണ് സംഭവിച്ചതെന്ന് ചോദിക്കുമ്പോള്‍ കൈമലര്‍ത്തി കാണിക്കുന്ന ആശുപത്രി അധികൃതരും.
പ്രശ്‌നം രൂക്ഷമായപ്പോള്‍ പോലീസുമെത്തി. സ്വന്തം കുഞ്ഞ് ഏതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കേണ്ട അവസ്ഥയിലാണ് സിംലയിലെ കുറച്ച് മാതാപിതാക്കള്‍. ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ ഉടലെടുത്ത തര്‍ക്കമാണ് ഇപ്പോള്‍ ഡിഎന്‍എ പരിശോധനയിലെത്തി നില്‍ക്കുന്നത്.
ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജിലെ നഴ്സുകൂടിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. ആലസ്യത്തില്‍നിന്ന് ഉണര്‍പ്പോള്‍ ഒരു പെണ്‍കുഞ്ഞിനെ യുവതിക്ക് ആശുപത്രി അധികൃതര്‍ കൈമാറുകയും ചെയ്തു. എന്നാല്‍, പിറന്നത് ആണ്‍കുഞ്ഞാണെന്നാണ് പ്രസവസമയത്ത് തന്നോട് പറഞ്ഞതെന്ന് യുവതി അവകാശപ്പെട്ടതോടെ സംഗതി വിവാദമായി.
ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെയും യുവതിയുടെയും ഭര്‍ത്താവിന്റെയും ഡി.എന്‍.എ. സാമ്പിളുകള്‍ ഹിമാചല്‍ പ്രദേശ് ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിച്ചു. ഡി.എന്‍.എ. പരിശോധനയില്‍ ഇവര്‍ക്ക് ലഭിച്ച പെണ്‍കുഞ്ഞ് ഇവരുടേതല്ലെന്ന് വ്യക്തമായി. ഇതോടെ, യുവതിയുടെ ഭര്‍ത്താവ് അനില്‍ കമാര്‍ പൊലീസില്‍ പരാതിപ്പെട്ടു.
പ്രസവസമയത്ത് ലേബര്‍ റൂമിലുണ്ടായിരുന്ന ആയ തന്റെ ഭാര്യയോട് പറഞ്ഞത് ആണ്‍കുട്ടിയാണ് ജനിച്ചത് എന്നായിരുന്നുവെന്ന് ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഡിഎന്‍എ പരിശോധനാ ഫലം കൂടി വന്നതോടെ, യഥാര്‍ഥ കുഞ്ഞിനെ കണ്ടെത്തേണ്ട ബാധ്യത പൊലീസിന്റെതായി. ഇതേത്തുടര്‍ന്നാണ് ആ ദിവസങ്ങളില്‍ കമല നെഹ്റു ആശുപത്രിയില്‍ പിറന്ന എല്ലാ കുഞ്ഞുങ്ങളെയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കാന്‍ പൊലീസ് തീരുമാനിച്ചത്.
അതേസമയത്ത് ആശുപത്രിയില്‍ ജനിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കളോടെല്ലാം സാമ്പിളുകള്‍ ഹാജരാക്കാന്‍ സിംല അഡീഷണല്‍ എസ്പി. ഭജന്‍ ദേവ് നിര്‍ദേശിച്ചു. സാമ്പിളുകള്‍ നല്‍കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.