ദില്ലി: തെരുവുനായകളെ കൊല്ലുന്നത് ഫലപ്രദമല്ലെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി. തെരുവുനായകളെ കൊല്ലുന്നത് പ്രശ്‌നം രൂക്ഷമാക്കുമെന്ന് മനേക ഗാന്ധി പറയുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം തന്നെ ഭീകരയാക്കി രക്ഷപ്പെടാന്‍ കേരളം ശ്രമിക്കുകയാണെന്ന് മനേക പറയുന്നു.
തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമ ലംഘനമാണ്. നായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. മാംസം കൊണ്ടുപോകുമ്പോഴാണ് നായ്ക്കള്‍ ആക്രമിച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മേനക വ്യക്തമാക്കി.
തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ല. കൊല്ലുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. മാലിന്യം കുന്നുകൂടുന്നതുകൊണ്ടാണു കേരളത്തില്‍ നായ്ക്കള്‍ പെരുകുന്നത്. ഒരു വര്‍ഷത്തിനകം നായ്ക്കളെ വന്ധ്യംകരിക്കാന്‍ സാധിക്കും. ംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും മനേക ഗാന്ധി പറഞ്ഞു.
തിരുവനന്തപുരം പുല്ലുവിളയില്‍ 60കാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവത്തില്‍ മേനകാ ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വൃദ്ധയുടെ കയ്യില്‍ മാംസമുണ്ടായിരിക്കാമെന്നും അതാകും നായ്ക്കള്‍ ആക്രമിക്കാന്‍ കാരണമെന്നുമായിരുന്നു അന്ന് ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ മേനക പറഞ്ഞത്. സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണ്. അതിനു നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമാണ്. വന്ധ്യംകരിച്ച നായ്ക്കള്‍ കടിക്കാറില്ല. പുല്ലുവിളയിലെ നായ്ക്കളെ വന്ധ്യംകരിച്ചിരുന്നില്ല. ബീച്ചിലേക്കുപോയ സ്ത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കണം -എന്നായിരുന്നു മനേകയുടെ വിവാദ പ്രസ്താവന.
ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രിസഭ തീരുമാനിച്ചിരുന്നു. സുപ്രീംകോടതി വിധിയില്‍ തന്നെ മനുഷ്യജീവനു ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നുമാണ് മന്ത്രിസഭയുടെ നിലപാട്.