കൊച്ചി: കാമുകനെ കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ കൊണ്ട് പോയ മലയാളി യുവതിയെ ഓര്‍മ്മയുണ്ടോ? മലയാളികളെ ആകെ ഞെട്ടിച്ച് പ്രമാദമായി ആ കൊലപാതകം നടന്നിട്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കേസില്‍ അറസ്റ്റിലായ ഡോ.ഓമന പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡോ. ഓമന മരണപ്പെട്ടു എന്ന സംശയത്തില്‍ പൊലീസ് എത്തിയിരിക്കുകയാണ്. മലേഷ്യയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ച മലയാളി സ്ത്രീ ഡോ. ഓമനയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംശയത്തെ തുടര്‍ന്ന് ഇതേക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങിയ ഓമന മുങ്ങുകയായിരുന്നു. മലേഷ്യയിലെ സുബാംദ് ജയസേലങ്കോര്‍ എന്ന സ്ഥലത്തു കെട്ടിടത്തില്‍ നിന്നു വീണു മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രം സഹിതം അവിടത്തെ ഇന്ത്യന്‍ ഹൈകമ്മിഷന്‍ കേരളത്തിലെ പത്രങ്ങളില്‍ കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ചിത്രം കണ്ട് സംശയം തോന്നിയവരാണ് വിവരം തളിപ്പറമ്പ് ഡിവൈ.എസ്പി കെ.വി.വേണുഗോപാലിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മരിച്ചത് ഓമനയാണോയെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന വേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.
1996ലാണ് പയ്യന്നൂര്‍ സ്വദേശിയായ കോണ്‍ട്രാക്ടര്‍ മുരളീധരനെ ഊട്ടിയിലെ ഹോട്ടല്‍ മുറിയില്‍ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം മൃതദേഹം ചെറിയ കഷണങ്ങളായി സ്യൂട്ട്‌കേസില്‍ കുത്തിനിറച്ചു. കാറിന്റെ ഡിക്കിയില്‍ സ്യൂട്ട്‌കേസിലാക്കി വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്‌സി ഡ്രൈവറാണ് നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ചു തമിഴ്‌നാട് പൊലീസിനെ ഏല്‍പിച്ചത്. പിന്നീട് 2001 ജനുവരി 21 ന് ജാമ്യത്തിലിറങ്ങിയ ഓമന മുങ്ങുകയായിരുന്നു. തട്ടിക്കൊണ്ടുപോകലിനും മൃഗീയമായ കൊലപാതകത്തിനുമടക്കം നിരവധി വകുപ്പുകള്‍ പ്രകാരമാണു പൊലീസ് ഓമനക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
19 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഡോ. ഓമനയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഇവര്‍ മലേഷ്യയില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്നു പ്രതിയെ കണ്ടെത്താനായി ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. എന്നിട്ടും വിവരമൊന്നും കിട്ടിയില്ല. ഓമനയ്ക്കായി ഇന്റര്‍പോള്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പ്രധാന പൊലീസ് സ്‌റ്റേഷനുകളിലും റെഡ്‌കോര്‍ണര്‍ നോട്ടീസും പതിച്ചിരുന്നു. ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിന്‍, അബ്ദുള്ള സാറ എന്നിങ്ങനെയുള്ള പല പേരുകളിലാണ് ഓമന ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കൊലപാതകം നടക്കുമ്പോള്‍ 43 വയസുണ്ടായിരുന്ന ഡോ. ഓമനയ്ക്ക് ഇപ്പോള്‍ 63 വയസ് ആയിട്ടുണ്ട്.