ഡോക്ടര്‍മാര്‍ സ്വകാര്യ മേഖലയിലേക്ക് ചേക്കേറുന്നു; വിദഗ്ധ ഡോക്ടര്‍മാരുടെ 548 തസ്തികയില്‍ ആളില്ല

doctor-banner

തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എംബിബിഎസ് പഠിച്ചിറങ്ങുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ പല വിഭാഗത്തിലും ഡോക്ടര്‍മാരില്ല. ഗവ. മെഡിക്കല്‍ കോളജുകളിലാണ് പ്രതിസന്ധിയുള്ളത്. ഡാക്ടര്‍മാരുടെ 548 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.

അധ്യാപകരും സൗകര്യങ്ങളും ഇല്ലാതെ സര്‍ക്കാര്‍ മേഖലയില്‍ മുന്നൂറോളം മെഡിക്കല്‍ സീറ്റുകള്‍ കേരളത്തിനു നഷ്ടപ്പെടുന്ന സ്ഥിതിയിലും ഡോക്ടര്‍മാരുടെ നിയമനത്തിനായി സര്‍ക്കാര്‍ വഴി തേടുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പ്രവേശന കേഡറിലേക്ക് 2296 പേര്‍ക്ക് പിഎസ്സി അഡൈ്വസ് മെമോ നല്‍കിയെങ്കിലും ജോലിയില്‍ പ്രവേശിച്ചതു 684 പേര്‍ മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഇളവുകളോടെ 25,000 രൂപ മാത്രം ഫീസ് നല്‍കി പഠിച്ചിറങ്ങുന്നവരെല്ലാം സ്വകാര്യ മേഖലയിലേക്കു ചേക്കേറുന്ന അവസ്ഥിയലാണു സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 35 ശതമാനത്തിലധികം തസ്തികള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ആകെ 2210 തസ്തികകളാണുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം,തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി 434 ഒഴിവുകളാണ് ഉള്ളത്. അതില്‍, പ്രഫസര്‍മാരുടെ ഒഴിവുകള്‍ 35, അസോഷ്യേറ്റ് പ്രഫസര്‍ 25, അസിസ്റ്റന്റ് പ്രഫസര്‍ 119, ലക്ചറര്‍ 255 എന്നിങ്ങനെയാണ്. 2012 ല്‍ ആകെ 350 ഒഴിവുകള്‍ മാത്രമായിരുന്നതാണ് ഇന്ന് 434 ലിലേക്ക് ഉയര്‍ന്നത്.

പുതിയ മെഡിക്കല്‍ കോളജുകളായ ഇടുക്കി, മഞ്ചേരി, കോന്നി, തിരുവനന്തപുരം ജനറല്‍ ആശുപത്രി എന്നിവയിലെ 114 ഒഴിവുകള്‍ കൂടി കൂട്ടുമ്പോള്‍ കേരളത്തിലെ ആകെ ഒഴിവുകള്‍ 548 ആയി. പ്രവേശന കേഡര്‍ ആയ അസിസ്റ്റന്റ് പ്രഫസര്‍ / ലക്ചറര്‍ വിഭാഗത്തിലുള്ള ഒഴിവുകള്‍ ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. പിഎസ്സി നിയമനങ്ങളുടെ കാലതാമസവും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള താമസവും ആണു പ്രധാന കാരണം.

മുപ്പതില്‍ അധികം റാങ്ക് ലിസ്റ്റുകളിലായി ആയിരത്തില്‍ കൂടുതല്‍ പിജി യോഗ്യതയുള്ള ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി പ്രതീക്ഷിച്ചിരിക്കുകയാണെന്നാണു വിവരം. ഈ സാഹചര്യത്തിലാണ് പ്രവേശന കേഡര്‍ നിയമനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ക്യാംപസ് റിക്രൂട്‌മെന്റ് മോഡല്‍ പരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് തയാറെടുക്കുന്നത്.

ഈ രീതി പരീക്ഷിക്കുമ്പോള്‍, നിലവില്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കു മുന്‍ഗണന നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിയമനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടക്കാത്തതും യഥാസമയം ജോലിക്കയറ്റം നല്‍കാത്തതുമാണ് ഒഴിവുകള്‍ കൂടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. പ്രവേശന കേഡറിലേതുള്‍പ്പെടെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍, സ്ഥിര നിയമിതരായ ഡോക്ടര്‍മാരുടെ നിബന്ധനകള്‍ പാലിക്കാത്ത സ്ഥാനക്കയറ്റങ്ങള്‍, എംആര്‍ഐ പോലുള്ള ആധുനിക ഉപകരണങ്ങളുടെ കുറവ്, ഐസിയുവിലെയും വാര്‍ഡുകളിലെയും കിടക്കകളുടെ കുറവ് തുടങ്ങി അനവധി രോഗീപരിചരണ സൗകര്യങ്ങളുടെ അപര്യാപ്തത, ഗവേഷണങ്ങളുടെയും പ്രബന്ധ പ്രസിദ്ധീകരണങ്ങളുടെയും കുറവുകള്‍ എന്നിവയാണ് സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകള്‍ക്ക് അംഗീകാരം നഷ്ടമാകാന്‍ ഇടയാക്കിയിട്ടുള്ളത്.

1961ലെ തസ്തികാ നിര്‍ണയം അനുസരിച്ചാണ് ഇപ്പോഴും തസ്തികകള്‍ വിന്യസിച്ചിരിക്കുന്നത്. തസ്തികകള്‍ വര്‍ധിപ്പിക്കേണ്ടതിനു പകരം ഇപ്പോള്‍ ഓരോ വര്‍ഷവും പിജി സീറ്റുകള്‍ വര്‍ധിപ്പിക്കുകയാണു ചെയ്യുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനാ സമയത്തു ഡോക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ചു കണ്ണില്‍ പൊടിയിടുകയും ചെയ്യുന്നു. മുന്‍കൂട്ടി അറിയിക്കാതെ, മെഡിക്കല്‍ കൗണ്‍സില്‍ കേരളത്തില്‍ പരിശോധനയ്ക്കു വന്നാല്‍ സംസ്ഥാനത്തെ മിക്ക മെഡിക്കല്‍ കോളജുകളുടെയും അംഗീകാരം നഷ്ടമാവുമെന്നാണ് അധികൃതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

Top