
കൊച്ചി: ഡോളർ കടത്ത് കേസിൽ കസ്റ്റംസിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ നിമയതടസ്സമില്ലെന്ന് നിയമോപദേശം. അടുത്ത ആഴ്ച ഹാജരാകാൻ സമൻസ് നൽകിയേക്കും. കസ്റ്റംസ് ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ മറ്റന്നാള്‍ ചോദ്യം ചെയ്യും. ചൊവ്വാഴ്ച ആയിരിക്കും അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യുക. കരിഞ്ചന്തയില്‍ ഡോളര്‍ വില്‍പന നടത്തിയവരെ ബുധനാഴ്ച ചോദ്യം ചെയ്യും.
ഉയർന്ന ഉദ്യോഗസ്ഥർ തന്നെ സമൻസ് നൽകണം. ഹാജരാകാൻ കഴിയുന്ന സൗകര്യപ്രദമായ തീയതി സ്പീക്കർക്ക് അറിയിക്കാം.നിയമസഭാ സമ്മേളനം ഒഴിവാക്കി ചോദ്യം ചെയ്യാനാണ് നിയമോപദേശം. അതിനാൽ തന്നെ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനാണ് കസ്റ്റംസിന്റെ നീക്കം. സ്പീക്കറുടെ ഭരണഘടനാ പദവി ആയതിനാൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ചു വേണം മുന്നോട്ട് പോകാനെന്നും നിർദ്ദേശമുണ്ട്.
ഡോളർ കടത്ത് കേസിലെ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പങ്കിനെ കുറിച്ച് സ്വപ്ന സുരേഷും, സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയുടെയും, മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
കേസിൽ യുഎഇ കോൺസുലേറ്റ് ഡ്രൈവർമാരേയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കോൺസുലേറ്റ് ജനറലിന്റെ ഡ്രൈവർക്കും അറ്റാഷെയുടെ ഡ്രൈവർക്കും കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാനാണ് ഇരുവരോടും നിർദ്ദേശിച്ചിരിക്കുന്നത്.