സ്‌പീക്കറുമായി ചർച്ചനടത്തി ;പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ..

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകി ഗവർണർ. കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് .ദിവസങ്ങളായി സർക്കാരും ഗവർണറുമായി നിലനിന്ന പ്രതിസന്ധിയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനെത്തിയ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനുമായി നടന്ന ചർച്ചയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനത്തിന് അനുമതി നൽകിയത്. സമ്മേളനത്തിന് അനുമതി നൽകണമെന്ന് സ്‌പീക്കറും ചർച്ചയ്‌ക്കിടെ ഗവർണറോട് ആവശ്യപ്പെട്ടു. അനുമതി നൽകിയെങ്കിലും സർക്കാർ അനുമതി ചോദിച്ച രീതിയിൽ ഗവർണർ അതൃപ്‌തി രേഖപ്പെടുത്തി.

നിയമസഭ ചേരേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതിനുള‌ള നടപടി സർക്കാർ തുടരുകയാണ്. സഭ ചേരേണ്ട സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറോട് വിശദീകരിച്ചിട്ടുണ്ട്. ഡിസംബർ 23ന് കർഷകർ സമരം ചെയ്യുന്ന കൃഷി ബില്ലുകളെ കുറിച്ച് ചർച്ച ചെയ്യാൻ ഒരു മണിക്കൂർ സമയമാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിനായി സർക്കാർ ഗവർണറോട് സർക്കാർ ചോദിച്ചത്. എന്നാൽ ഇതിൽ അടിയന്തിര സാഹചര്യമെന്താണെന്ന് ചോദിച്ച് ഗവർണർ ഫയൽ മടക്കിയതോടെ പ്രതിസന്ധി ഉണ്ടാകുകയായിരുന്നു. തുടർന്ന് രണ്ടാമതും സർക്കാർ അനുമതി തേടിയെങ്കിലും അതും ഗവർണർ തള‌ളിയിരുന്നു. പിന്നീട് മന്ത്രിമാരായ എ.കെ ബാലനും. വി.എസ് സുനിൽകുമാറും ഗവർണറുമായി ചർച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായിരുന്നില്ല. മുൻപ് ഗവർണറുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷവും പ്രതിഷേധവുമായെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top