പിണറായി സർക്കാർ പ്രതിസന്ധിയിൽ ഗവർണ്ണറെ തടഞ്ഞ സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു:കേന്ദ്ര ഇന്റലിജൻസ് അന്വേഷണം തുടങ്ങി. ഗവർണറുടെ ഓഫീസ് വീഡിയോ ദൃശ്യം ആവശ്യപ്പെട്ടു.

കണ്ണൂർ : കണ്ണൂരിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ഗവർണറെ തടഞ്ഞ സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതിനെ കുറിച്ച് കേന്ദ്ര ഇന്റലിജൻസും അന്വേഷണം തുടങ്ങി. പ്രതിഷേധിച്ചവരുടെ ദൃശ്യങ്ങളും മറ്റു വിവരങ്ങളും അന്വേഷിച്ചുവരികയാണ്.
ഗവർണറെ തടഞ്ഞതിനു പിന്നിൽ ആസൂത്രിത ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെ പ്രതിനിധീകരിക്കുന്ന സിൻഡിക്കേറ്റ് അംഗങ്ങൾക്ക് ഗവർണ്ണർക്കെതിരെ പ്രതിഷേധം നടക്കുമെന്ന് നേരത്തെ അറിയാമെന്നതിന്റെ സൂചനയുണ്ട്. ഇതിനിടെ ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന് കണ്ണൂർ സർവകലാശാല വി സി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ഇതുസംബന്ധിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ കണ്ണൂർ സർവകലാശാലാ വിസിയോട് ഗവർണറുടെ ഓഫിസ് ആവശ്യപ്പെട്ടു.

പ്രശ്നത്തിന്റെ ഗൗരവം വെളിവാക്കി കൊണ്ട് ചരിത്ര കോണ്‍ഗ്രസിൽ വച്ച് ഇര്‍ഫാന്‍ ഹബീബ് ബലമായി തന്നെ തടയാന്‍ ശ്രമിച്ചെന്നും ഇതിന് വിഡിയോ ദൃശ്യങ്ങൾ ഇതിന് തെളിവാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. അഭിപ്രായ വ്യത്യാസമുള്ളവരോട് വേദിയിലുള്ളവർ അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചത്. താൻ പരിപാടി വിവാദമാക്കാൻ ഉദ്യേശിച്ചിരുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. തനിക്കു മുൻപെ പ്രസംഗിക്കുന്നതിനിടെ ഇർഫാൻ ഹബീബ് ചില കാര്യങ്ങൾ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട് ഉദ്ഘാടനം ചെയ്യവെ താനും ചില കാര്യങ്ങൾ പറഞ്ഞു. ഈ സമയം ഇർഫാൻ ഹബീബ് തന്റെ പ്രസംഗം തടയാൻ ശ്രമിച്ചു. വീഡിയോവിൽ ഈക്കാര്യം വ്യക്തമാണ്. മൗലാനാം അബ്ദുൾ കലാം ആസാദിനെ കുറിച്ചു താൻ പറഞ്ഞപ്പോൾ ഗോഡ്സെ യെ കുറിച്ചും പറയണമെന്ന് അദ്ദേഹം ആക്രോശിച്ചു. തനിക്ക് സുരക്ഷയൊരുക്കിയ എഡിഎസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തള്ളിമാറ്റിയതായും ഗവർണർ വീഡിയോ ചിത്രങ്ങളടങ്ങിയ തന്റെ ട്വീറ്റിൽ ആരോപിച്ചു.


അതേസമയം പദവിക്ക് നിരക്കാത്ത രീതിയിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകം ആദരിക്കുന്ന ചരിത്രകാരന്മാർ പങ്കെടുക്കുന്ന ചരിത്ര കോൺഗ്രസിൽ, തയാറാക്കിയ പ്രസംഗം മാറ്റി വെച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവർണർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്നലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്നത്തെ ഭരണഘടന പദവിയുടെ നിര്‍വ്വഹണം ആവശ്യപ്പെടുന്നതെന്ന്‌ ഗവര്‍ണർ തിരിച്ചറിയണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന്‌ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്‌. ഇപ്പോഴത്തെ പദവിയുടെ പരിമിതി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച്‌ പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌. വളരെ ചെറുപ്പത്തില്‍ എംപി ആയിരുന്ന ആളായതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ല എന്ന സമീപനം അപക്വമാണെന്നും കോടിയേരി പറഞ്ഞു.

 

Top