കാഞ്ഞങ്ങാട്: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നാരോപിച്ച് പ്രമുഖ സംവിധായകന്‍ ഡോ. ബിജുവിന് കഴിഞ്ഞ ദിവസം ആയുഷ് വകുപ്പ് മെമ്മോ നല്‍കിയിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച് ഡോ. ബിജു രംഗത്തെത്തി. കോണ്‍ഗ്രസ് തന്നോട് പകപോക്കുന്നുവെന്നാണ് ബിജു പറയുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശുപാര്‍ശ കേള്‍ക്കാത്തതിലുള്ള പകപോക്കലാണ് ഈ നടപടി. ഒട്ടേറെ രാജ്യാന്തര ചലച്ചിത്രോല്‍സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള താന്‍ യാത്രകള്‍ പോകുമ്പോഴെല്ലാം അനുമതിക്കായി സര്‍ക്കാരിനു അപേക്ഷ നല്‍കിയിരുന്നതായും ബിജു പറഞ്ഞു. എന്നാല്‍, ഇതിനു മറുപടി നല്‍കാത്തതു തന്റെ പ്രശ്‌നമല്ല. ശമ്പളമില്ലാത്ത അവധിയെടുത്താണ് താന്‍ സിനിമാ പ്രവര്‍ത്തനത്തിനു പോയിട്ടുള്ളത്. ഇതിന്റെ പേരില്‍ ശമ്പളം ഇതുവരെ എഴുതിയെടുത്തിട്ടില്ല. ഇപ്പോഴത്തെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്.
മാസങ്ങള്‍ക്കു മുമ്പ് ഹോമിയോ വകുപ്പിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ടു കാസര്‍കോട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നോടു ശുപാര്‍ശ നല്‍കിയിരുന്നു. ആരോഗ്യവകുപ്പില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദം ഉണ്ടായിട്ടും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയത്. ഇതേത്തുടര്‍ന്നു തന്റെ ഓഫിസില്‍ പരിശോധന നടന്നിരുന്നു. വീഴ്ചകള്‍ കണ്ടെത്താനാകാതെ സംഘം മടങ്ങുകയും ചെയ്തു. പിന്നീട് മറ്റൊരു സംഘം വന്ന് അന്വേഷിച്ചതു മുഴുവന്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്തെങ്കിലും കാരണം പറഞ്ഞു പണി നല്‍കുക എന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു ഇതെന്നും ബിജു പറയുന്നു.
25ന് വൈകിട്ട് തിരുവനന്തപുരത്ത് ആയുഷ് വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയെ കണ്ടു വിശദീകരണം നല്‍കണമെന്നു കാട്ടിയാണ് ഡോ. ബിജുവിന് മെമ്മോ നല്‍കിയിരിക്കുന്നത്.