എഴുത്തുകാരനും ഇടതുസൈദ്ധാന്തികനുമായ ഡോ പി കെ പോക്കർ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു. ഷുക്കുർ വക്കീൽ തുടങ്ങിവെച്ച പുനർവിവാഹ കാമ്പയിൻ മുസ്ലിം നിയമത്തിലെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കുന്നു.

കോഴിക്കോട്: എഴുത്തുകാരനും ഇടതുസൈദ്ധാന്തികനുമായ ഡോ പി കെ പോക്കർ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു. 61ാം വയസ്സിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം നടത്തിയ രണ്ടാമത്തെ വിവാഹം.വിവാദം ആയ വളരെ ചർച്ച ചെയ്യപ്പെട്ട ഷുക്കുർ വക്കീൽ തുടങ്ങിവെച്ച മുസ്ലിം പുനർവിവാഹ കാമ്പയിൻ തുടരുമ്പോൾ മുസ്ലിം നിയമത്തിലെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുകയാണ് . തന്റെ 61ാം വയസ്സിൽ സ്വന്തം ഭാര്യയെ സ്‌പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം ചെയ്തത് ഫേസ്‌ബുക്കിലുടെയാണ് പോക്കർ മാഷ് ഈ വിവരം ലോകത്തെ അറിയിച്ചത്.

പെൺമക്കൾ മാത്രമുള്ള മുസ്ലിം രക്ഷിതാക്കളാണ് ഇങ്ങനെ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിക്കേണ്ടി വരുന്നത്. ശരിയ്യ നിയമപ്രകാരം, സ്വത്തിന്റെ ഒരുഭാഗം മാത്രമേ പെൺമക്കൾക്ക് കിട്ടൂ. ബാക്കിയുള്ളത് പോവുക പിതാവിന്റെ സഹോദരന്മാർ അടക്കമുള്ള മറ്റ് പുരുഷ ബന്ധുക്കൾക്കാണ്. പക്ഷേ ഇത് സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം ചെയ്തവർക്ക് ബാധകമല്ല. അവർക്ക് മുഴുവൻ സ്വത്തും ലഭിക്കും. കേവലം സ്വത്തുക്കളുടെ പ്രശ്‌നം മാത്രമല്ല, ലിംഗനീതിയുടെ അന്തസ്സിന്റെയും പ്രശ്‌നമാണ് ഇതെന്നാണ് ഇത്തരത്തിൽ വിവാഹം ചെയ്തവർ ചൂണ്ടിക്കാട്ടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ, ആക്റ്റിവിസ്റ്റ്‌ കൂടിയായ ഷൂക്കുർ വക്കീൽ മാസങ്ങൾക്ക് മുമ്പ് സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതോടെയാണ് ഇത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയെതെങ്കിലും, അതിന് മുമ്പേ തന്നെ പല പ്രമുഖരും തങ്ങളുടെ സ്വത്തുക്കൾ പൂർണ്ണമായും മക്കൾക്ക് കിട്ടണം എന്ന ആഗ്രഹത്തോടെ, സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതർ ആയിരുന്നു. ജസ്റ്റിസ് കെമാൽപാഷ, ജസ്റ്റിസ് ബാബു തുടങ്ങിയവർ ഇക്കാര്യം പരസ്യമായി പറഞ്ഞവരാണ്. ഇതിന് മുമ്പുതന്നെ പെൺകുട്ടികൾ മാത്രമുള്ള പലരും ഇതേ വഴി പിന്തുടർന്നിട്ടുണ്ട്. ഇത് കേവലം സ്വത്തിന്റെ മാത്രം പ്രശ്‌നമല്ല, ലിംഗ നീതിയുടെയും അന്തസിന്റേതും കൂടിയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇത് സ്ത്രീകളുടെ അന്തസിന്റെ പ്രശ്നം

തന്റെ പുനർ വിവാഹ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഡോ പി കെ പോക്കർ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലിട്ട കുറിപ്പ് ഇങ്ങനെയാണ്. ‘ഞാൻ വർഷങ്ങള്ക്കു മുൻപ് അസ്ഗർ അലി എൻജിനിയരുടെ ഒപ്പം ഒരു ദിവസം ഉണ്ടായിരുന്നു. മലയാളം വാരികയിൽ അദ്ദേഹവുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിക്കുകയും തിരൂരിൽ പ്രഭാഷണത്തിന്റെ പരിഭാഷ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് ഞാൻ അദ്ദേഹത്തോട് മുസ്ലിം പേർസണൽ ലോ പ്രകാരം സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ചും ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കുന്നതും ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഗ്രീവൻസുള്ളവർ പോയാൽ മാത്രമേ കോടതി അത് ഫയലിൽ സ്വീകരിക്കാൻ സാധ്യതയുള്ളൂ എന്നായിരുന്നു. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാൻ എനിക്ക് വ്യക്തിപരമായി ഉപദേശവും തന്നു.

എങ്കിലും വ്യക്തിപരമായി അത് ചെയ്യാൻ ഇത് വരെ തോന്നിയില്ല. കാരണം ഇതൊരു മുസ്ലിം സ്ത്രീകളുടെ പൊതുവായ പ്രശ്നമായാണ് ഞാൻ അന്ന് അതിനെ സമീപിച്ചത്. ഇപ്പോൾ ഷുക്കൂർ വക്കീൽ നടത്തിയ സംരംഭവും പ്രചോദനവും ആ വഴിക്കു എന്നെയും പ്രേരിപ്പിച്ചു. മക്കൾ ആണായാലും പെണ്ണായാലും ഉമ്മ ബാപ്പമാരുടെ സമ്പത്തിനു തുല്യ അവകാശം ഉണ്ടായിരിക്കണമെന്നതിൽ ആർക്കും ഇന്ന് സംശയമില്ല. മതമെന്ന സ്ഥാപനത്തെ ഭയന്ന് മാത്രമാണ് പലരും ഈ ബുദ്ധിമുട്ടും അവകാശ ലംഘനവും സഹിക്കുന്നത്. എന്നെ പോലെ സ്ത്രീ പുരുഷ തുല്യത ഉദ്‌ഘോഷിക്കുന്ന ഒരാളുടെ പെൺമക്കൾക്ക് അങ്ങിനെ ഒരവസ്ഥ ഉണ്ടാവാൻ പാടില്ലല്ലോ. അതിനാൽ ഈ അറുപത്തൊമ്പതാം വയസ്സിൽ ഞാനും എന്റെ ഭാര്യ സി കെ റംലയും മീഞ്ചന്ത മാര്യേജ് ഓഫിസറുടെ ( മീഞ്ചന്ത സബ് റെജിസ്ട്രർ ഓഫിസ് ) മുൻപാകെ ഇന്ന് വീണ്ടും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. സ്വത്തു മാത്രമല്ല ഇവിടെ പ്രശ്നം അന്തസ്സ് കൂടിയാണ്. ജ്യേഷ്ഠനെ വിശ്വാസമില്ലേ, മക്കളെ വിശ്വാസമില്ല, അളിയന്മാരെ വിശ്വാസമില്ലേ എന്നൊന്നും ചോദിച്ചു ആരും വരേണ്ട, കാരണം ഇത് സ്ത്രീകളുടെ സ്വാഭിമാനത്തിന്റെയും, അന്തസ്സിന്റെയും , തുല്യാവകാശത്തിന്റെയും പ്രശ്നമാണ്.

ഇപ്പോൾ ഷുക്കൂർ വക്കീൽ വ്യക്തിപരമായി തുടങ്ങിയ സംരംഭം മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്നവർ സ്ത്രീ പുരുഷ തുല്യതയെ ഒരിക്കൽ കൂടി ചിന്തിക്കാൻ പ്രേരണയായിട്ടുണ്ട്. വ്യക്തികൾ ഇറങ്ങുമ്പോൾ അതിനു സാമൂഹികമായ മാനം കൂടി ഉണ്ടാവുന്നു.കാത് കുത്താതെ പോലും വളർത്തിയ എന്റെ പെണ്മക്കൾക്കു ലിംഗ നീതി ഉറപ്പു വരുത്താൻ ഞാൻ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം ഇത് വരെ ആയുസ്സു ലഭിച്ചതിനാലും ഷുക്കൂർ വക്കീൽ ഓർമ്മിപ്പിച്ചതിനാലും ഇപ്പോൾ ചെയ്യാൻ കഴിഞ്ഞു. നിയമം മാറ്റങ്ങൾക്കു വിധേയവും മൂല്യങ്ങൾ ശാശ്വതവുമായിരിക്കണം. തുല്യതക്കു വേണ്ടി ഒരു കാലത്തു ഉണ്ടാക്കിയ നിയമം എല്ലാ കാലത്തും ശരിയാവില്ല. എന്നാൽ തുല്യത എന്ന മൂല്യം അന്നും ഇന്നും എന്നും നൈതീക ചിന്തയുടെ അനുപേക്ഷണീയ ഭാഗമാണ്.

ഞങ്ങളുടെ കുടുംബങ്ങളിൽ പെൺകുട്ടികൾ മാത്രമുള്ള രക്ഷിതാക്കളുടെ അവകാശം അവർക്കു വിട്ടുകൊടുത്ത ബന്ധുക്കൾ ആണ് മുന്നിലുള്ളത്. എന്നാൽ ആ വിട്ടുകൊടുക്കൽ പുരുഷാധിപത്യത്തിന്റെ ഔദാര്യവും സന്മനസ്സുമാണല്ലോ. അവിടെയും സ്ത്രീകൾ തലകുനിച്ചു സഹായം അപേക്ഷിച്ചു നിൽക്കണമല്ലോ. മാറേണ്ടതെല്ലാം മാറിയേ കഴിയൂ. അല്ലെങ്കിൽ അതുതാൻ മാറ്റീടും …… ഞങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്ത അബുലൈസ് ഹഫ്സത്ത് ദമ്പതികൾക്കും ആശംസകൾ. കൂടെ വന്ന ഷുഹൈബ് നാസർ എന്നിവർക്കു നന്ദി.”- ഇങ്ങനെയാണ് പോക്കർ മാഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

കുടുതൽ മുസ്ലീങ്ങൾ സ്പെഷ്യൽ മാരേജ് ആക്റ്റിലേക്ക് വരുന്നത് മതത്തിലെ വിവേചനങ്ങൾ ഭയന്നിട്ട് തന്നെയാണ്. ഷുക്കുർ വക്കീലും, അബ്ദുൽ അലി മാസ്റ്ററും, ബഷീർ പേങ്ങാട്ടിരിയും, അടക്കമുള്ള ഇസ്ലാമിക ശരീയത്ത് നിയമങ്ങൾ നന്നായി പഠിച്ചിട്ടുള്ള ആക്റ്റീവിസ്റ്റുകൾ അതിലെ വിവേചനങ്ങൾ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ജനാധിപത്യ രാജ്യത്തിലും മുസ്ലിം സ്ത്രീക്ക് കിട്ടുന്ന കുടുംബ സ്വത്ത് പുരുഷന്റെ പകുതി മാത്രമാണ്. ഒരു പിതാവിന് പെൺകുട്ടി മാത്രമാണ് ഉള്ളതെങ്കിൽ കിട്ടുക 1/2 ഓഹരിയാണ്.

ഷുക്കുർ വക്കീൽ എഴൂതിയത് ഇങ്ങനെയാണ്. ‘1937 ലെ ദ മുസ്ലിം പേഴ്‌സൺൽ ലോ ആപ്പിക്കേഷൻ ആക്റ്റ് പ്രകാരം, ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടർച്ചാ നിയമം, മുസ്ലിം പേഴ്സണൽ ലോ അഥവാ ശരീഅ പ്രകാരം ആണ്. എന്താണ് ശരീഅ എന്നതിനെ കുറിച്ച് 1937ലെ ഈ നിയമത്തിൽ ഒന്നും പറയുന്നില്ല. എന്നാൽ 1906ൽ സർ എച്ച് ഡി മുള്ള എഴുതിയ പ്രിൻസിപ്പൽസ് ഓഫ് മുഹമ്മദൻ ലോ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികൾ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നിൽ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കൾക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. അഥവാ താഹിസിൽദാർ നൽകുന്ന അനന്തരവകാശ സർട്ടിഫിക്കറ്റിൽ ഞങ്ങളുടെ മക്കൾക്ക് പുറമേ സഹോദരങ്ങൾക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങൾക്ക് ആൺ മക്കളില്ല എന്നതു മാത്രമാണ്. ഒരാൺകുട്ടിയെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ മുഴുവൻ സ്വത്തും മക്കൾക്ക് തന്നെ കിട്ടിയേനെ.ഞങ്ങൾക്ക് ജനിച്ചത് പെൺകുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവചനം മക്കൾ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല.

1950 ൽ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വർഗ്ഗ ലിംഗ ഭേദമന്യേ എല്ലാവർക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നൽകുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കൾക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്. തങ്ങളുടെ ജീവിതസമ്പാദ്യം സ്വന്തം മക്കൾക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെൺമക്കൾ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകൾക്കെന്താണ് പോംവഴി?

അനന്തര സ്വത്ത് പെൺമക്കൾക്ക് തന്നെ ലഭിക്കാൻ എന്താണ് മാർഗ്ഗം? നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങൾക്ക് ഈ പ്രതി സന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ൽ നമ്മുടെ പാർലമെന്റ് അംഗീകരിച്ച സ്‌പെഷ്യൽ മാര്യേജ് ആക്ട് മാത്രമാണ്. അതിൽ ആശ്രയം കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചത്’- ഷൂക്കുർ വക്കീൽ വ്യക്തമാക്കുന്നു. എന്നാലും ഷുക്കുർ വക്കീലിനെപ്പോലുള്ളവർ ഏക സിവിൽ കോഡിനെ അനുകൂലിക്കുന്നില്ല. നിലവിലുള്ള നിയമത്തിൽതന്നെ ഭേദഗതികൾ വരുത്തിയാൽ മതിയെന്ന് അവർ പറയുന്നു.

Top