പത്ത് മുസ്ലീങ്ങള്‍ ഒരുമിച്ചാല്‍ ഉടന്‍ പള്ളി പണിയും; ബാങ്ക് വിളിക്കുമ്പോള്‍ മറ്റ് ദേവാലയങ്ങള്‍ മൈക്കി ഓഫാക്കി കൊടുക്കണം; യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോയെന്ന് ബാലകൃഷ്ണപിള്ള

29VBG_PILLAI

പത്തനാപുരം: പ്രസ്താവനകള്‍ നടത്തി വിവാദങ്ങളില്‍ ഇടംപിടിക്കുന്ന നേതാവാണ് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍.ബാലക്യഷ്ണ പിള്ള. ഇത്തവണ മതത്തെ ആക്ഷേപിച്ചു കൊണ്ടാണ് ബാലകൃഷ്ണപിള്ളയെത്തിയത്. മുസ്ലീം സമുദായത്തെയാണ് അപമാനിച്ചത്.

തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുര പോലെ തന്നെ അഞ്ച് നേരവും അടുത്തൊരു പള്ളിയില്‍ ബാങ്ക് വിളിക്കുകയാണ്. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം അതാണ് രീതി. പത്ത് മുസ്ലീങ്ങളോ ്രെകെസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയില്‍ കേറ്റാതിരിക്കുന്നത് ശരിയാണോ. അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിന് വേണ്ടി കഴുത്തറുക്കുകയാണിപ്പോഴെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

പയ്യന്നൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പാടത്തെ പണിക്ക് വരമ്പത്തെ കൂലിയെന്ന പ്രസംഗം സര്‍ക്കാരിന് തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് പിള്ളയുടെ പ്രസംഗം എത്തുന്നത്. ന്യൂനപക്ഷത്തെ വികാരപ്പെടുത്തി ഭൂരിപക്ഷക്കാരെ കൈയിലെടുക്കാനുള്ള നീക്കമാണ് പിള്ള നടത്തുന്നതെന്നാണ് വിമര്‍ശനം. പത്തനാപുരം എംഎല്‍എയായ കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കാത്ത സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പിള്ളയ്ക്ക് എതിരെ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ പരാതി കിട്ടിയല്‍ കരുതലോടെ തീരുമാനം എടുക്കാനാണ് പൊലീസിന്റെ നീക്കം. ഏതായാലും ഓഡിയോ അനൗദ്യോഗികമായി പരിശോധിക്കാന്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്. ഇതൊരു വിവാദമായി മാറിയില്ലെങ്കില്‍ കേസൊന്നും എടുക്കുകയുമില്ല.

പ്രസംഗത്തിന്റെ പേരില്‍ ഇതിന് മുമ്പും പിള്ള പ്രതിസ്ഥാനത്ത് ആയിട്ടുണ്ട്. എന്നാല്‍ തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്ന് പിള്ള ഈയിടെയും പറഞ്ഞിരുന്നു. ആ മുദ്രാവാക്യം ഏറ്റെടുത്തിരുന്നെങ്കില്‍ കേരളം കേരളാ കോണ്‍ഗ്രസ് ഭരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോച്ച് ഫാക്ടറിക്കായി പഞ്ചാബിനെപ്പോലെ കേരളവും തുടങ്ങണമെന്നാണ് താന്‍ പറഞ്ഞത്. അന്ന് ആ പ്രശ്നത്തില്‍ കെ കരുണാകരനും കെഎം മാണിയും തന്നെ ബലിയാടാക്കുകയാണുണ്ടായതെന്നും വിശദീകരിച്ചിരുന്നു.

പലസംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ വളര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ നിലപാട് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മദനിയുടെ മോചനത്തിനായി പിഡിപി സംഘടിപ്പിച്ച യോഗത്തിലെ പ്രസംഗവും വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം കടത്തി വിട്ട് മതത്തെ അപമാനിക്കുകയാണ് ചെയ്തെന്നാണ് ആക്ഷേപം.

Top