ആരോഗ്യവകുപ്പില്‍ ഡയറക്ടര്‍ കസേരയ്ക്കായി നാടകീയ രംഗങ്ങള്‍; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്ക്ക് കസേര വിട്ടു നല്‍കാതെ ഡോ. മീനാക്ഷി

കോഴിക്കോട്: ആരോഗ്യവകുപ്പ് കാര്യാലയത്തില്‍ ഡയറക്ടര്‍ കസേരയ്ക്കായി നാടകീയ രംഗങ്ങള്‍. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വ്യക്തമായ ഉത്തരവിന്റെ പകര്‍പ്പുമായി പുതിയ ഡയറക്ടറായി ചുമതലയേല്‍ക്കാന്‍ ഡോ. കെ.ജെ. റീന എത്തിയപ്പോള്‍, നിലവിലെ ഡയറക്ടറുടെ ചുമതലയിലുണ്ടായിരുന്ന ഡോ. വി. മീനാക്ഷി കസേര ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിച്ചതാണ് തര്‍ക്കത്തിലേക്ക് എത്തിയത്.

സര്‍ക്കാര്‍ നിര്‍ദേശം വന്നാല്‍ മാത്രമേ ഡയറക്ടര്‍ കസേരയില്‍ നിന്ന് മാറുകയുള്ളൂവെന്നാണ് ഡോ.വി മീനാക്ഷി അറിയിച്ചത്. കസേര അവകാശവാദവുമായി ഇരുവരും മുഖാമുഖം ഇരിക്കുന്ന സാഹചര്യമാണ് ആരോഗ്യവകുപ്പ് കാര്യാലയത്തില്‍ ഉണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഒടുവില്‍ കസേരയ്ക്ക് മുന്നിലെ മേശപ്പുറത്ത് വെച്ച് തന്നെ ഡോ. കെ.ജെ. റീന പുതിയ ഡയറക്ടറായി ചുമതലയേറ്റെടുക്കുന്ന രേഖകളില്‍ ഒപ്പുവെച്ചു. ഒരേ മുറിയില്‍ രണ്ട് ഡയറക്ടര്‍മാര്‍ ഒരേസമയം അവകാശവാദമുന്നയിച്ചു നില്‍ക്കുന്ന അത്യപൂര്‍വ്വമായ അവസ്ഥയാണ് അവിടെ സംജാതമായാത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തെച്ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മില്‍ ദീര്‍ഘനാളായി നിയമപോരാട്ടം നിലനിന്നിരുന്നു. ഒടുവില്‍ ഡോ. കെ.ജെ. റീനയ്ക്ക് അനുകൂലമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി വന്നു. ഈ ഉത്തരവിന്റെ പകര്‍പ്പുമായി ഔദ്യോഗികമായി ചുമതലയേല്‍ക്കാനാണ് ഡോ. റീന ഡയറക്ടറേറ്റ് ഓഫീസിലെത്തിയത്.

അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ ഇന്നുതന്നെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അധികാര തര്‍ക്കം ഉള്ളതുകൊണ്ട് സിംഗിള്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി സ്റ്റേ ഉത്തരവ് സമ്പാദിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അതിനാലാണ് പകരം ചുമതലയേറ്റ ഡോ.വി മീനാക്ഷി ഡയറക്ടര്‍ കസേരയില്‍ തുടരാന്‍ ശ്രമിക്കുന്നത്. അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് വന്ന സാഹചര്യത്തില്‍ പകരമൊരു ഉത്തരവ് ഇറക്കേണ്ടത് സര്‍ക്കാരാണ് എന്നാണ് ഡോ.വി മീനാക്ഷിയുടെ നിലപാട്.

സിസ്റ്റത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് ഡോ. റീനയ്ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തത്. നീതി നിഷേധം ചൂണ്ടിക്കാട്ടി ഡോ. റീന അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയെ തുടന്ന് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

 

Top