കണ്ണൂരിലെ പാനൂരില്‍ നിന്നും കഴിഞ്ഞ തിങ്കളാഴ്ച കാണാതായ രണ്ട് പെണ്‍കുട്ടികളെ മലപ്പുറം തിരൂരില്‍ നിന്നും പോലീസ് കണ്ടെത്തി. തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്.
ആറ് ദിവസം മുൻപാണ് ദൃശ്യ (20),സൈന(20)എന്നിവരെ കാണാതായത്.നവംബര്‍ 19ന് കോളേജിലേക്കായി പോയ വിദ്യാര്‍ത്ഥികളെ കാണാതായതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമായി പോലീസ് സംസ്ഥാന വ്യപകമായി തിരച്ചില്‍ നടത്തിയിരുന്നു.
താനൂരിലെ ഒരു ഹോട്ടലില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇവരോട് മുഖസാദൃശ്യമുള്ള രണ്ട് പേരെ കണ്ടിരുന്നു. ഇതെ തുടര്‍ന്ന് ഈ മേഖല കേന്ദ്രീകരിച്ച് പോലാസ് അന്വഷണം നടത്തുമ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്. തിങ്കളാഴ്ച കോളേജിലേക്ക് പോയ കുട്ടികള്‍ തിരികെ വരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.
പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിനികളാണ് ഇരുവരും. തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാർ ആദ്യമേ അറിയിച്ചിരുന്നു. മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയും വീട്ടുകാർ എതിർക്കുകയും ചെയ്തിരുന്നു.


