തിരുവനന്തപുരം:അദാനിയുടെ സമ്മര്‍ദ്ദത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെ.എസ്. ശബരീനാഥന്റെ ഭാര്യയെ വിഴിഞ്ഞം സിഎംഡി സ്ഥാനത്ത് മാറ്റിയ കടുത്ത ആരോപണത്തില്‍ ഉറച്ച് സിപിഎം. പിണറായി ഭരണകാലത്ത് അദാനി കമ്പനി നിരന്തരമായി ഈ ആവശ്യമുന്നയിച്ചെങ്കിലും ദിവ്യ എസ് അയ്യര്‍ക്കുവേണ്ടി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ കടുത്ത നിലപാട് സ്വീകരിച്ചുവെന്ന വെളിപ്പെടുത്തലാണ് ആരോപണത്തിന് പിന്നാലെ ദേശാഭിമാനി വെളിപ്പെടുത്തുന്നത്.
ഉദ്യോഗസ്ഥയെ മാറ്റാന്‍ അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടപ്പോള്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മാസ് മറുപടിയും, ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ അദാനിക്ക് മുന്നില്‍ മുട്ടുമടക്കിയെന്നുമാണ് സിപിഎം ആരോപണം. അദാനി നിരന്തരമായി മാറ്റാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥയെ വിഡി സതീശന്‍ തുറമുഖ വകുപ്പ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ നീക്കുകയും ചെയ്തതാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഇടതുപക്ഷ ഭരണകാലത്ത് ഉദ്യോഗസ്ഥ ഭരണത്തില്‍ അദാനി ഗ്രൂപ്പ് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ ശക്തമായ നിലപാടാണ് ഇപ്പോള്‍ സിപിഎമ്മിന്റെ പ്രധാന രാഷ്ട്രീയ ആയുധം. ‘പോര്‍ട്ടിന്റെ കാര്യം മാത്രം നിങ്ങള്‍ നോക്കിയാല്‍ മതി, ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം’ എന്ന പിണറായി വിജയന്റെ വാക്കുകള്‍ ഭരണാധികാരിയുടെ ആര്‍ജ്ജവമാണ് കാട്ടിയത് എന്ന് സിപിഎം മുഖപത്രം പറയുന്നു. കോര്‍പ്പറേറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന ആ ഉറച്ച നിലപാടാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം.
വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ വ്യവസ്ഥകളില്‍ സ്വന്തം ലാഭത്തിനായി മാറ്റങ്ങള്‍ വരുത്താന്‍ അദാനി കമ്പനി നിരന്തരം ശ്രമിച്ചിരുന്നുവെന്നും അതിനെയെല്ലാം നിയമപരമായി തടഞ്ഞത് ദിവ്യ എസ്. അയ്യരായിരുന്നുവെന്നുമാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസ് കുടുംബ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥയായിരുന്നിട്ടും, സംസ്ഥാനത്തിന്റെ താല്പര്യം മുന്‍നിര്‍ത്തി അവര്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് ഇടതു സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ അവരെ മാറ്റി ജൂനിയര്‍ ഉദ്യോഗസ്ഥനെ പ്രതിഷ്ഠിച്ചതിലൂടെ വലിയ അഴിമതിക്ക് വഴിയൊരുങ്ങിയെന്നാണ് ആക്ഷേപം.
മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി വിഴിഞ്ഞത്ത് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം നടത്തുന്നു എന്ന പേരില്‍ അദാനി ഗ്രൂപ്പ് നടത്തിയ വന്‍ പ്രചാരണം യഥാര്‍ത്ഥത്തില്‍ സ്വന്തം ഓഹരികള്‍ വിറ്റഴിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് പ്രതിപക്ഷം (എല്‍ഡിഎഫ്) നിയമസഭയില്‍ തെളിയിച്ചിരുന്നു. വിഴിഞ്ഞത്തെ അദാനിക്ക് ലാഭമുണ്ടാക്കാനുള്ള വെറും ഓഹരിക്കച്ചവട കേന്ദ്രമാക്കി മാറ്റാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് സിപിഎം ഉയര്‍ത്തുന്നത്. ഇതിനെതിരെ ജനകീയ വികാരം ഉണര്‍ത്താനാണ് പാര്‍ട്ടിയുടെ നീക്കം.
മുഖ്യമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ് വി.ഡി. സതീശന്‍ അദാനി ഗ്രൂപ്പ് ഒരുക്കിയ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ മംഗളൂരുവിലേക്ക് നടത്തിയ രഹസ്യയാത്രയെ മുന്‍നിര്‍ത്തിയാണ് സിപിഎം രാഷ്ട്രീയ ആക്രമണം കടുപ്പിക്കുന്നത്. ഈ യാത്രയ്ക്ക് ശേഷമാണ് സതീശന്‍ തുറമുഖ, നിയമ വകുപ്പുകള്‍ സ്വന്തം കൈകളില്‍ വെച്ചതും, ദിവ്യ എസ്. അയ്യരെ മാറ്റി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സെക്രട്ടറിയെത്തന്നെ തുറമുഖ സെക്രട്ടറിയാക്കിയതും. അദാനിയുമായുള്ള ഈ കച്ചവടക്കണ്ണാണ് വിഴിഞ്ഞത്തിന്റെ താല്പര്യങ്ങള്‍ ബലികഴിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് പാര്‍ട്ടി ആരോപിക്കുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രണ്ട് തവണ വാര്‍ത്താസമ്മേളനത്തില്‍ ഈ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്‍ മൗനം പാലിക്കുന്നത് വലിയ രാഷ്ട്രീയ കുറ്റസമ്മതമായാണ് സിപിഎം കാണുന്നത്. വരും ദിവസങ്ങളില്‍ നിയമസഭയ്ക്കുള്ളില്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായി പ്രതിരോധത്തിലാക്കാനും സഭയ്ക്ക് പുറത്ത് വിഴിഞ്ഞം പദ്ധതി പ്രദേശമടക്കം കേന്ദ്രീകരിച്ച് വന്‍ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചതായാണ് സൂചന.
യുഡിഎഫ് സര്‍ക്കാര്‍ പൊതുസമ്പത്തും സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞവും അദാനി ഗ്രൂപ്പിന് അടിയറവ് വെയ്ക്കുകയാണെന്ന പ്രചാരണം താഴേത്തട്ടിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി സ്‌ക്വാഡുകള്‍ രൂപീകരിക്കും. വിഴിഞ്ഞം തുറമുഖം വഴി കേരളത്തിന് ലഭിക്കേണ്ട വരുമാനവും തൊഴിലവസരങ്ങളും അദാനി സ്വന്തം പോക്കറ്റിലാക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കുടപിടിക്കുകയാണെന്ന വസ്തുത ജനങ്ങളിലെത്തിച്ച് ഭരണവിരുദ്ധ വികാരം ശക്തമാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ധീരമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ കോര്‍പ്പറേറ്റുകളുടെ ആവശ്യപ്രകാരം പന്തുതട്ടുന്നത് സിവില്‍ സര്‍വീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കുന്നു. ദിവ്യ എസ്. അയ്യര്‍ക്ക് നേരിട്ട അനുഭവം വരുംദിവസങ്ങളില്‍ മറ്റ് ഉദ്യോഗസ്ഥരിലും ഭയമുണ്ടാക്കും. കോര്‍പ്പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുന്ന ഒരു ഭരണകൂടമായി യുഡിഎഫ് മാറിയെന്ന് സ്ഥാപിക്കാന്‍ ഈ ഉദാഹരണം പാര്‍ട്ടി പരമാവധി ഉപയോഗിക്കും.










