വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറില്‍ സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും ഒപ്പിട്ടു; തുറമുഖ നിര്‍മ്മാണം നവംബര്‍ ഒന്നിന് തുടങ്ങും

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണ പദ്ധതിയുടെ കരാറില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും ഒപ്പിട്ടു. വൈകിട്ട് അഞ്ചിനു സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള സര്‍ക്കാരിനായി തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വര്‍ഗീസും അദാനി ഗ്രൂപ്പിനായി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒ സന്തോഷ് കുമാര്‍ മഹാപത്രയുമാണു കരാറില്‍ ഒപ്പു ചാര്‍ത്തിയത്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം പറഞ്ഞ സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ഇന്ന് വ്യക്തമാക്കി. നവംബര്‍ ഒന്നിനുതന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗൗതം അദാനി ഉറപ്പു നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വകുപ്പു മന്ത്രി കെ.ബാബു, ധനമന്ത്രി കെ.എം. മാണി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, ഭക്ഷ്യവകുപ്പുമന്ത്രി അനൂപ് ജേക്കബ്, സ്പീക്കര്‍ ജി. ശക്തന്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, പദ്ധതി നടത്തിപ്പിലുള്ള വിയോജിപ്പിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ചടങ്ങ് ബഹിഷ്‌കരിച്ചു.

പദ്ധതിയില്‍ ഒപ്പു വയ്ക്കുന്നതിന് മുന്നോടിയായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. പദ്ധതി നടത്തിപ്പിലുള്ള ആശങ്ക അദേഹം അദാനിയെ അറിയിക്കുകയും ചെയ്തു.

5552 കോടി രൂപ മുതല്‍മുടക്കുള്ള ഒന്നാംഘട്ട നിര്‍മാണത്തില്‍ 3600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിനു പുറത്തുനിന്നാണ്. പ്രത്യക്ഷ പരോക്ഷ നികുതിയിനത്തില്‍ ഗണ്യമായ വരുമാനം പ്രതീക്ഷിക്കുന്നു.

നേരിട്ടുള്ള തൊഴിലവസരങ്ങള്‍ കൂടാതെ തുറമുഖ അനുബന്ധ വ്യവസായങ്ങളിലൂടെ പരോക്ഷമായും ഏറെ തൊഴിലവസരങ്ങളുണ്ടാകും. കണ്ടെയ്‌നര്‍ ഹാന്‍ഡ്!ലിങ്, ലോജിസ്റ്റിക് എന്നീ അനുബന്ധ വ്യവസായങ്ങളും ഇതോടൊപ്പം വളരും.

കടല്‍ മാര്‍ഗമുള്ള ചരക്കു ഗതാഗതത്തിന് ആക്കം കൂട്ടാനും വിഴിഞ്ഞം തുറമുഖത്തിനു കഴിയും. തെക്കന്‍ കേരളത്തിനും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ക്കും ആവശ്യമായ പെട്രോളിയം ഉല്‍പന്നങ്ങള്‍ വിഴിഞ്ഞം തുറമുഖം മുഖേന കൈകാര്യം ചെയ്യാനുള്ള പദ്ധതി പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിഭാവനം ചെയ്യുന്നുണ്ട്.

Top