വീട്ടുജോലിക്കാരിക്ക് ദുബായിലെ തൊഴിലുടമ നല്‍കുന്നത് ആരെയും അതിശയിപ്പിക്കുന്ന സമ്മാനങ്ങള്‍  

യുഎഇ : വീട്ടുജോലിക്കാരിക്ക് ദുബായിലെ തൊഴിലുടമ സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കി. ഒപ്പം ഡ്രൈവിംഗ് പഠിക്കാനുള്ള സാമ്പത്തിക ചെലവും വഹിക്കും. ഇതുമാത്രമല്ല ആയയുടെ പിതാവിന്റെ ചികിത്സാ ചെലവും നാട്ടില്‍ പോയി മടങ്ങാനുള്ള യാത്രാ തുകയും വഹിക്കുന്നത് തൊഴിലുടമയാണ്.  ഫിലിപ്പെയ്ന്‍കാരിയായ എപ്രില്‍ റോസ് മാര്‍സിലിനോ ഗാറ്റിനാണ് ഈ അപൂര്‍വ ഭാഗ്യത്തിന് ഉടമയായിരിക്കുന്നത്. ഐറിഷ് സ്വദേശികളായ ഹെന്റി-എലൈന്‍ ഹോറന്‍ ദമ്പതികളാണ് ഇവര്‍ക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കിയത്.  ഹോറന്‍ ദമ്പതികള്‍ ദുബായില്‍ സ്ഥിരതാമസമാക്കിയവരാണ്. ഇവരോടൊപ്പം കഴിഞ്ഞ 11 വര്‍ഷമായി റോസ് ഗാറ്റിന്‍ ഉണ്ട്. വീട് സമ്മാനമായി നല്‍കിയതിന് പുറമെ യുഎഇ ഡ്രൈവിംഗ് ലൈസന്‍സിനുള്ള ചെലവും നാട്ടില്‍ പോയി മടങ്ങുന്നതിനുള്ള ടിക്കറ്റ്ചാര്‍ജും ഇവര്‍ വഹിക്കും. കൂടാതെ മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയില്‍ കഴിയുന്ന പിതാവിന്റെ ചികിത്സയ്ക്കുള്ള തുക നല്‍കിയതും റോസിന്റെ തൊഴിലുടമയാണ്. അദ്ദേഹമിപ്പോള്‍ രോഗമുക്തി നേടിയിരിക്കുകയാണ്. 2006 മുതല്‍ റോസ് ഈ കുടുംബത്തിനൊപ്പമുണ്ട്. റോസിന്റെ പിതാവ് സൗദി അറേബ്യയില്‍ പ്രവാസിയായിരുന്നു. ഇവിടെ ജോലി നോക്കുന്നതിനിടെ മാനസികാസ്വാസ്ഥ്യമനുഭവപ്പെടുകയും ചികിത്സാര്‍ത്ഥം ജന്‍മനാട്ടിലേക്ക് മടങ്ങിപ്പോവുകയുമായിരുന്നു. സ്‌നേഹസമ്പന്നരായ ദമ്പതികളെ തൊഴിലുടമകളായി ലഭിച്ചതില്‍ അഹ്ലാദവും അഭിമാനവുമുണ്ടെന്ന് ഏപ്രില്‍ റോസ് വ്യക്തമാക്കുന്നു.

Top