തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുല്‍ഖറിന് എതിരെയും കേസെടുത്തേക്കും”

കൊല്ലം: കൊട്ടാരക്കരയിൽ നടന്‍ ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞുവീണ് മരിച്ച കേസിൽ നടൻ ദുല്‍ഖറിന് എതിരെയും കേസെടുത്തേക്കും . പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ ഒരു മാളിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. താരം വരുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ മാളിന് മുന്നിലും തൊട്ടടുത്ത കെട്ടിട്ടങ്ങളിലും തടിച്ചു കൂടിയിരുന്നു. തുടര്‍ന്ന് താരം സ്ഥലത്ത് എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമാവുകയും തിരക്കില്‍പ്പെട്ട ഹരി കുഴഞ്ഞു വീഴുകയായിരുന്നു.

ഹരി (45) മരിച്ച സംഭവത്തില്‍ മാള്‍ ഉടമയ്ക്ക് എതിരെ കേസ് എടുത്തിരുന്നു . കൊട്ടാരക്കര ഐ മാള്‍ ഉടമയ്ക്ക് എതിരെയാണ് മുഖ്യമായി കേസുണ്ടാവുക. തിരക്കിനിടയില്‍ മര്‍ദ്ദനമേറ്റ പള്ളിമുക്ക് ഹമീദാ മന്‍സിലില്‍ സുഹൈലിനെ (22) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവല്‍ക്കാര്‍ മര്‍ദ്ദിച്ചു വലിച്ചെറിഞ്ഞു എന്നാണ് സുഹൈല്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. മുട്ടമ്പലം സ്വദേശി ചിന്നു (20), രമ്യ (27) എന്നിവര്‍ പരുക്കേറ്റതിനെ തുടർന്ന് ചികിത്സ തേടി. നിരവധിപേര്‍ക്ക് തിരക്കില്‍പ്പെട്ട് പരുക്കേറ്റിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദ്ഘാടകനായ ദുല്‍ക്കര്‍ സല്‍മാനെ കാണാനുള്ള തിരക്കിനിടയില്‍പ്പെട്ട ഹരി കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓട്ടോറിക്ഷ തൊഴിലാളിയായ ഹരി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് ദുല്‍ഖര്‍ വരുന്ന വിവരം അറിഞ്ഞത്. അസ്വാഭാവിക മരണത്തിന് പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സമീപത്തുള്ള കെട്ടിടങ്ങളുടെ മുകളില്‍ അപകടകരമായി ആളുകള്‍ കയറി. ദുല്‍ഖറിനെ കാണാന്‍ റോഡില്‍ ആയിരങ്ങള്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ പ്രധാന പാതയായ എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി. ബാരിക്കേട് മറികടന്ന് വേദിയിലേയ്ക്ക് കയറാന്‍ ശ്രമിച്ചവരെ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡും മര്‍ദ്ദിച്ചതായി പരാതിയുണ്ട്. സംഘാടകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. സിനിമാ താരത്തെ കാണാനുള്ള തിരക്കിനിടയില്‍ മരണം സംഭവിക്കുന്ന സംഭവം കേരളത്തില്‍ അടുത്തിടെയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എറണാകുളം എംജി റോഡില്‍ നടി സണ്ണി ലിയോൺ വന്നപ്പോഴും ഇത്തരത്തില്‍ ഗതാഗതം തടസ്സപ്പെടുകയും അപകടകരമായ തിരക്ക് സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. തിരക്കില്‍പ്പെട്ട മറ്റു ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഹൃദയാഘാതം വന്നയാളാണ് ഹരിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ മാള്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗതാഗതതടസ്സം സൃഷ്ടിച്ചതിനും മതിയായ തയ്യാറെടുപ്പുകള്‍ നടത്താതെ റോഡില്‍ വച്ചു പരിപാടി നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

Top