മലപ്പുറം: മതത്തിന്റെയും ജാതിയുടേയും പേരില്‍ വെല്ലുവിളിക്ക് ഒട്ടുംകുറവില്ലാത്ത കേരളത്തിലും ആരും അറിയാതെ പോകുന്ന നന്മയുടെ വാര്‍ത്തകള്‍ കേട്ട് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ 400 വര്‍ഷം പഴക്കമുള്ള ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിന്റെ താഴികക്കുടം ചെമ്പു പൂശാനുള്ള ചെലവ് വഹിക്കുന്ന അമ്പലത്തിന്റെ അയല്‍വാസിയായസുലൈമാന്‍ ഹാജിയാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്.
144 കിലോ ചെമ്പാണ് അദ്ദേഹം തന്റെ നാട്ടിലെ ക്ഷേത്രത്തിന് സംഭാവനയായി നല്‍കുന്നത്. സോഷ്യല്‍ മീഡിയകളില്‍ പോലും ജാതിയും മതവും കുത്തി നിറക്കുന്ന മലയാളികള്‍ക്കിടയിലാണ് ഗ്രാമങ്ങളിലെ ഇത്തരം വാര്‍ത്തകള്‍ കയ്യടി നേടുന്നത്.
അറേബ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സുലൈമാന്‍ ഹാജി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും അകമഴിഞ്ഞ് സഹായം നല്‍കുന്നയാളാണ.് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവെന്നറിഞ്ഞതോടെ സഹായിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ജനവരി 20 ന് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സുലൈമാന്‍ ഹാജിയെ പോലെ നിരവധി അഹിന്ദുക്കളാണ് കയ്യുംമെയ്യും മറന്ന് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.