പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. സാമൂഹികമാധ്യമങ്ങൾ വഴിയാണ് വിവാഹിതരായ യുവതികളുൾപ്പെടെയുള്ളവരെ ആകർഷിക്കുന്നതെന്ന് ജിനേഷ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ജിനേഷിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ മുപ്പതോളം സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ പലതും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായതിനാൽ ആരും പരാതി നല്‍കിയിട്ടില്ല.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ പുറത്ത് വരുന്നത്. പ്ലസ് വൺ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ഡിവൈഎഫ്ഐ തിരുവനന്തപും വിളവൂര്‍ക്കൽ മേഖലാ പ്രസിഡന്‍റായിരുന്ന ജിനേഷ് ജയന്‍ യുവതികളെ വലയിലാക്കിയത് സമൂഹമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് കണ്ടെത്തി. ബന്ധപ്പെടുന്ന യുവതികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി ഐഫോണിൽ സൂക്ഷിക്കുകയാണ് ഇയാളുടെ രീതി. പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ജിനേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിലവില്‍ ലഹരി ഇടപാട് അന്വേഷണത്തിന്‍റെ പരിധിയിലില്ല. ലഹരി ഇടപാടുകളിലെ ഏജന്‍റായി ജിനേഷ് പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യം പിന്നീട് പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം. സാന്പത്തിക ശാസ്ത്രത്തിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദവുമുള്ള ജിനേഷ് പൊലീസ് കോൺസ്റ്റബിൾ പിഎസ്‍സി റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നുവെന്ന വിവരം പൊലീസിന് കിട്ടി.
വധശ്രമക്കേസിൽ പ്രതിയായതിനാലാണ് ജിനേഷിന് പൊലീസില്‍ നിയമനം ലഭിക്കാതിരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലാണ് ജിനേഷും ഉൾപ്പെട്ടത്.പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജിനേഷ് ഉൾപ്പെടെ എട്ട് പ്രതികൾ റിമാൻഡിലാണ്. ഇവരെ ആവശ്യമെങ്കിൽ മാത്രം കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് തീരുമാനം.
ജിനേഷിനെതിരെ ആരോപണം ഉയര്‍ന്നിട്ടും പാര്‍ട്ടി സംരക്ഷിച്ചുവെന്ന വിമര്‍ശനം ഡിവൈഎഫ്ഐ തള്ളി. സംഘടനാ കാര്യങ്ങളിൽ സജീവമല്ലാത്തതിനാൽ സെപ്റ്റംബറിൽ തന്നെ ജിനേഷിനെ മേഖലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ അനൗദ്യോഗിക വിശദീകരണം.