
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും മുൻ മന്ത്രിയുമായ കെ ബാബു വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിൽ കുടുങ്ങുമെന്ന് സൂചന . കെ ബാബുവിനെ എൻഫോവ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. വിജിലൻസ് നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‌ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. കെ ബാബുവിന്റെ 150 കോടിയുടെ സാമ്പത്തിക ഇടപാടുകള്‍ കെ ബാബുവിനും കൂട്ടര്‍ക്കുമെതിരേ വിജിലന്‍സ് തുടക്കത്തില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റും കേസില്‍ ഇടപെട്ടത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് 25 ലക്ഷമായി കുറഞ്ഞു. കണക്കുകൂട്ടിയതില്‍ വിജിലന്‍സിന് പിഴവ് സംഭവിച്ചുവെന്നാണ് കെ ബാബു പ്രതികരിക്കുന്നത്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി മുൻമന്ത്രി കെ ബാബുവിന്റെ മൊഴി എടുത്തത്. തനിക്ക് കിട്ടിയ ട്രാവല്‍, ഡെയ്ലി അലവന്‍സുകള്‍ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലന്‍സിനെ നയിച്ചതെന്ന് കെ.ബാബു പറയുന്നു. സാധാരണ ഗതിയില്‍ വിജിലന്‍സ് കണ്ടെത്തിയ സമ്പാദ്യങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്ന നടപടിയിലേക്ക് എന്‍ഫോഴ്സ്മെന്റ് നീങ്ങുകയാണ് പതിവ്.
എന്നാൽ 25 ലക്ഷം മാത്രമാണ് അനധികൃത സമ്പാദ്യമെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ബാബുവിന്റെ മറ്റ് ആസ്തികളും വിവരങ്ങളും വിജിലന്‍സ് ഇതുവരെ കണ്ടെത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നടപടികൽ അവസാനപ്പിക്കുമെന്നാണ് സൂചനകൾ.
2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്. 2001 മുതല്‍ 2016 വരെയുള്ള ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് സംഘം ചോദിച്ചറിഞ്ഞതായും പറയപ്പെടുന്നു. ഇതില്‍ 2011 മുതല്‍ 2016 വരെ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്നു കെ ബാബു.എന്നാൽ തന്റെ ആസ്തി വിവരങ്ങള്‍ കണക്കുകൂട്ടിയതില്‍ വിജിലന്‍സിന് പിഴവ് സംഭവിച്ചുവെന്ന നിലപാടിലാണ് കെ ബാബു.
തനിക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ കുറ്റപത്രമെന്നും കെ.ബാബു എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു.
2007 മുതൽ 2014 വരെയുള്ള കെ ബാബുവിന്റെ സമ്പത്തിൽ മുൻ കാലയളവിൽ ഉണ്ടായിരുന്ന വരവിനേക്കാൾ 49 ശതമാനം കൂടിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. 2017ൽ 25 ലക്ഷം രൂപയുടെ കൂടുതൽ സ്വത്ത് ബാബുവിന് ഉണ്ടായതായി കണ്ടെത്തുകയായിരുന്നു. എന്നാൽ ഇതിന്റെ രേഖകൾ ഹാജരാക്കാൻ സാധിച്ചിരുന്നില്ല.