തിരുവനന്തപുരം; സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ലോക്കര്‍ പരിശോധിക്കുന്നു. തിരുവനന്തപുരത്തെ ഒഉഎഇ ബാങ്കിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ഋഉ ചോദ്യം ചെയ്തിരുന്നു. ലോക്കര്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട് കോടി 74 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് വീണ പ്രധാനമായും ബോധിപ്പിക്കേണ്ടി വന്നത്. ഈ തുക ഏതൊക്കെ വഴിയിലൂടെ വന്നു, എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളില്‍ ഇഡി വിശദമായ മറുപടി തേടി.
കേസില്‍ അന്വേഷണം നടത്തുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) പക്കലുള്ള മുഴുവന്‍ രേഖകളും ഇഡിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. 2016-17 കാലയളവിലാണ് വീണയുടെ ഐടി കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകള്‍ ആരംഭിക്കുന്നത്. 2016ല്‍ ആദ്യ കരാറിലും 2017ല്‍ മറ്റൊരു കരാറിലും ഇരു കമ്പനികളും ഒപ്പുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന സാമ്പത്തിക വിനിമയങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തായുടെ കുടുംബത്തിന് ഓഹരിയുള്ള എംപവര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് വീണ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇഡി പരിശോധിച്ചു.
കഴിഞ്ഞ ദിവസം ശശിധരന്‍ കര്‍ത്തായുടെ ഭാര്യ ജയ കര്‍ത്താ, മകന്‍ ശരണ്‍ കര്‍ത്താ, മകള്‍ ഷിബി കര്‍ത്താ എന്നിവര്‍ കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരായിരുന്നു. ഇവര്‍ നല്‍കിയ മൊഴികളും വീണയുടെ മറുപടികളും അന്വേഷണ സംഘം ഒത്തുനോക്കും. കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന് മൂന്ന് ആഴ്ച മുന്‍പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഡിവിഷന്‍ ബെഞ്ചും ഈ നടപടി ശരിവച്ചു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ ഇഡി യൂണിറ്റ് വിശദമായ പരിശോധന ആരംഭിച്ചത്.


