കൊച്ചി: കൈക്കൂലി വേണ്ടെന്ന് വച്ചാല്‍ തന്നെ പാതി പ്രശ്നങ്ങള്‍ തീരുമെന്ന് പറഞ്ഞ ഇ ശ്രീധരന്‍ വികസനത്തിലൂടെ അത് തെളിയിച്ചു കഴിഞ്ഞു. 108കോടി അനുവദിച്ച ഇടപ്പള്ളി പാലം ഇ ശ്രീധരന്‍ തീര്‍ത്തത് വെറും 78കോടിക്ക്. ഒരു എഞ്ചിനീയറുടെ കരുത്ത് പ്രയോജനമായത് കൊച്ചി ഇടപ്പള്ളി മേല്‍പ്പാലത്തിനാണ്.
വിവാഹ സമ്മാനമായി 15 പവന്‍ സ്വര്‍ണം എത്തിച്ചതും അതു മുഴുവന്‍ തിരികെ നല്‍കിയതും വ്യക്തമാക്കിയ ശ്രീധരന്‍, കോട്ടയംകാരനായ കരാറുകാരന്‍ വാരികയ്ക്കുള്ളില്‍ വച്ചു കൈക്കൂലി നല്‍കാന്‍ ശ്രമിച്ച സംഭവവും കേരളത്തിലെ സര്‍ക്കാര്‍ എഞ്ചിനിയര്‍മാര്‍ക്ക് വിശദീകരിച്ച് നല്‍കിയിരുന്നു. അച്ചടക്കം, ജോലിയോടുള്ള സ്നേഹം, ആത്മാര്‍ഥത, സമയക്ലിപ്തത, പ്രഫഷനല്‍ മികവ് എന്നിവയാണ് എന്‍ജിനീയര്‍മാര്‍ക്ക് അടിസ്ഥാനമായി വേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഇതെല്ലാം ഇപ്പോഴും നിലനിര്‍ത്തുകയാണ് എണ്‍പതിന്റെ നിറവിലും മലയാളിയുടെ സ്വന്തം ശ്രീധരന്‍. ഇടപള്ളി മേല്‍പ്പാലത്തിന്റെ വിജയകഥ ശ്രീധരന്റെ വികസന പ്രക്രിയയിലെ മറ്റൊരു പൊന്‍ തൂവലാണ്.
പച്ചാളം റെയില്‍വേ പാലം നിര്‍മ്മിക്കാന്‍ 59 കോടിയാണ് വകയിരുത്തിയത്. ഏവരും പ്രതീക്ഷിച്ചത് അത് പൂര്‍ത്തിയാകുമ്പോള്‍ ചെലവ് നൂറു കോടിയാകുമെന്നായിരുന്നു. എന്നാല്‍ എല്ലം കൂടി 39 കോടിക്ക് തീര്‍ത്ത് 20 കോടി ഖജനാവിന് തിരിച്ചു നില്‍കി ഇ ശ്രീധരനെന്ന മെട്രോ മാന്‍ തന്റെ മികവ് ഒരിക്കല്‍ കൂടി വ്യക്തമാക്കി. കൊച്ചി മെട്രോ നിര്‍മ്മാണത്തിനിടെ നടന്ന പച്ചാളം റെയില്‍വേ മേല്‍പാലത്തില്‍ സംഭവിച്ചത് അല്‍ഭുതമല്ലെന്ന് തെളിയിക്കുകയാണ് ശ്രീധരന്‍ ഒരിക്കല്‍ കൂടി. ഇടപ്പള്ളി മേല്‍പ്പാല നിര്‍മ്മാണത്തിലുമുണ്ട് ആര്‍ക്കും അവകാശപ്പെടാനാകാത്ത ഈ ശ്രീധരന്‍ ടച്ച്. ഇടപ്പള്ളി മേല്‍പാലത്തിനു 108 കോടി രൂപയുടെ ഭരണാനുമതിയാണു നല്‍കിയിരുന്നത്.എന്നാല്‍ 78 കോടി രൂപ മാത്രമാണു പദ്ധതിക്കു ചെലവായത്. അടിപ്പാത നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ല. ഇനിയിപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ശ്രീധരന്‍ ലാഭിച്ച് നല്‍കിയ 30 കോടിയില്‍ അടിപാതയും ഒരുക്കാം.
പദ്ധതി തുകയുടെ ഇരട്ടി വാങ്ങി പാലങ്ങളും റോഡുകളും നിര്‍മ്മിക്കുന്ന കരാറുകാരാണ് കേരളത്തിനുള്ളത്. പണി നീട്ടിക്കൊണ്ട് പോയും മറ്റും ഖജനാവ് കൊള്ളയടിക്കുന്നവര്‍. ഇവിടെ തടസ്സപ്പെടുന്നത് വികസനമാണ്. നാടിന്റെ മുതലാണ് കൊള്ളയടിക്കുന്നത്. ആര്‍ക്കും കമ്മീഷന്‍ നല്‍കാതെ വ്യക്തമായ പദ്ധതികളുമായി ശ്രീധരന്‍ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കുമ്പോള്‍ എല്ലാം മാറി മറിയും. അവിടെ പണികള്‍ കൃത്യമായി നടക്കും.
പാഴ് ചെലവ് വരികയുമില്ല. അതുകൊണ്ട് തന്നെ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറവില്‍ പണി തീരും. അങ്ങനെ ഖജനാവിന് നേട്ടവുമാകും ജനങ്ങള്‍ക്ക് വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാകുന്നതിന്റെ ആശ്വാസവുമാകും. ഇടപ്പള്ളി പാലത്തിന്റെ നിര്‍മ്മാണ ചെലവില്‍ മാത്രം 11 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞതു ഡിസൈന്റെ മികവാണെന്നു ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ് കൂടിയായ ഇ.ശ്രീധരന്‍ പറഞ്ഞു. മേല്‍പാലത്തിനൊപ്പം അടിപ്പാതയും ടോള്‍ ജംക്ഷനില്‍ നിന്നു ദേശീയപാത ബൈപാസിലേക്ക് ഉയര പാതയും നിര്‍മ്മിക്കാനുള്ള സൗകര്യം ഉള്‍ക്കൊള്ളിച്ചാണു മേല്‍പാലത്തിന്റെ രൂപരേഖ. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ഉപകരാര്‍ ഏറ്റെടുത്തത് എല്‍ ആന്‍ഡ് ടി കമ്പനിയാണ്. 20 മാസം കൊണ്ടാണ് പാലം പൂര്‍ത്തിയാക്കിയത്.
ഡിഎംആര്‍സിയുടെ കൊച്ചി മെട്രോ റെയില്‍ പ്രോജക്റ്റും പച്ചാളം മേല്‍പാല നിര്‍മ്മാണവും ഇടപ്പള്ളി പാലവും വിജയം കൈവരിക്കുന്നത് കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഡല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത പുറമേ കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത , കൊങ്കണ്‍ തീവണ്ടിപ്പാത , തകര്‍ന്ന പാമ്പന്‍പാലത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കി. ഇവിടെയെല്ലാം രാജ്യം കണ്ടത് പറയുന്നത് കൃത്യ സമയത്ത് ചെയ്യുന്ന ശ്രീധരനെയാണ്. അതു തന്നെയാണ് കേരളത്തിലെ കര്‍മ്മ പദ്ധതികളിലും ഈ പാലക്കാട്ടുകാരന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.