
കണ്ണൂർ : കടുത്ത മോദിവിരുദ്ധവികാരം മലബാറിലും കേരളത്തിലും പ്രതിഫലിച്ചു തുടങ്ങി .മുസ്ലിം ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾ കോൺഗ്രസിന് പിന്നിൽ അതിശക്തമായി അണിനിരക്കുന്നു.മോദിഭരണത്തിൽ ബിജെപിയുടെയും ആർ എസ് എസിന്റെയും തീവ്ര ഹിന്ദുത്വ അജണ്ടയിൽ ന്യുനപക്ഷങ്ങൾ ഭയത്തിലാണ് .കേന്ദ്രത്തിൽ കോൺഗ്രസ് ഭരണം വേണമെന്ന ഉറച്ച തീരുമാനത്തിൽ കേരളത്തിൽ അതിശക്തമായ അടിയൊഴുക്കുകൾ ഉണ്ടാകും .അതിന്റെ പ്രതിഫലമായി കണ്ണൂരിൽ യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാകും .
ന്യുനപക്ഷ സ്ഥാനാർഥി ആണെങ്കിൽ കണ്ണൂർ സീറ്റ് ഇത്തവണ കോൺഗ്രസിനൊപ്പം നിൽക്കും .അതേസമയം ശബരിമല വിഷയമടക്കം കടുത്ത ഹിന്ദുത്വ നിലപാടുകാലുമായി നീങ്ങിയ കെ സുധാകരൻ ,സതീശൻ പാച്ചെനി ,എന്നിവർ സ്ഥാനാർത്ഥിയായാൽ ന്യുനപക്ഷ സമുദായങ്ങൾ കോൺഗ്രസിനെ പിന്തുണക്കില്ല എന്നും വിലയിരുത്തൽ ഉണ്ട് .സുധാകരനും പാച്ച്ചേനിയും ഉറച്ച സീറ്റിൽ കഴിഞ്ഞതവണയും തോൽക്കാൻ കാരണം ന്യുനപക്ഷങ്ങളുടെ പിന്തുണ ഇല്ലാത്തതിനാൽ ആയിരുന്നു എന്നും വിലയിരുത്തുന്നു .ആകെയുള്ള 7 നിയമ സഭ മണ്ഡലങ്ങളിൽ നാലെണ്ണം ഇടതുമുന്നണിയും മൂന്നെണ്ണം യുഡിഎഫുമാണ് ഭരിക്കുന്നത്. ഇരു മുന്നണികളുടേയും സ്ഥാനാർത്ഥി നിർണ്ണയവും ,നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജയപരാജയങ്ങളെ നിർണ്ണയിക്കുന്ന ഘടകമാണ്.
തളിപ്പറമ്പ്, കണ്ണൂർ, അഴീക്കോട്, ഇരിക്കൂർ, ധർമ്മടം, മട്ടന്നൂർ, പേരാവൂർ നിയമസഭ മണ്ഡലങ്ങൾ. ഇതിൽ തളിപ്പറമ്പും, കണ്ണൂരും, ധർമ്മടവും, മട്ടന്നൂരും ഇടതുപക്ഷ എംഎൽഎമാരാണ് പ്രതിനിധീകരിക്കുന്നത്. ഇരിക്കൂറും പേരാവൂരും ,അഴീക്കോടും യു ഡി എഫിന്റെ അക്കൗണ്ടിലും, കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്നപ്പോൾ 6556 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി കെ ശ്രീമതി കോൺഗ്രസിലെ ശക്തനായ കെ സുധാകരനെ മറികടന്നത്. ഇരു മുന്നണികളും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അനൗദ്യോഗികമായി തുടങ്ങിയിട്ടുണ്ട്. ഒരു തവണ മാത്രം പൂർത്തിയാക്കിയ പി കെ ശ്രീമതിക്ക് രണ്ടാമൂഴം സി പി എം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ജില്ലാ സെക്രട്ടറി പി ജയരാജൻ, കല്ല്യാശേരി എം എൽ എ ടിവി രാജേഷ് എന്നിവരുടെ പേരുകളും സി പി എം കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതായിരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
മറുഭാഗത്ത് യു ഡി എഫിലും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. കെ സുധാകരന്റെ പേരിന് തന്നെയാണ് യു ഡി എഫ് ക്യാമ്പിൽ മുൻഗണന .പക്ഷെ മത്സരിക്കാനില്ലെന്ന നിലപാടിൽ സുധാകരൻ ഉറച്ച് നിൽക്കുന്നുവെന്നാണ് വിവരം.സുധാകരൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പരിഗണിക്കേണ്ട മറ്റു പേരുകളും യു ഡി എഫിൽ സജീവമാണ്. സി പി എമ്മിൽ നിന്ന് കോൺഗ്രസിലെത്തിയ മുൻ എംപി എ പി അബ്ദുള്ളക്കുട്ടി, കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ധിക്ക്, കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുടെ പേരുകളും പരിഗണിക്കുന്നവരുടെ പട്ടികയിൽ ഉണ്ട്, പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ പേരും ചില കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്. കഴിഞ്ഞ തവണ 51636 വോട്ടുകൾ മാത്രം നേടിയ ബി ജെ പി ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കി വോട്ടു വിഹിതം വർദ്ധിപ്പിക്കാനുള്ള നീക്കത്തിലുമാണ്. സംസ്ഥാന നേതാക്കൾ ആരെങ്കിലും കണ്ണൂരിൽ പോരിനിറങ്ങുന്ന മെന്ന നിർദ്ധേ ശം ജില്ലാ നേതൃത്വം മുന്നോട്ടുവച്ചു കഴിഞ്ഞു.
പേരാവൂരും ,ഇരിക്കൂറും മാത്രമേ യു ഡി എഫിന് വ്യക്തമായ മുൻതൂക്കമുള്ളൂ, കണ്ണൂരും അഴീക്കോടും വോട്ടുകൾ എങ്ങോട്ടു വേണമെങ്കിലും മറിഞ്ഞേക്കാമെന്നാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് നൽകുന്ന രാഷ്ട്രീയ സൂചന. മട്ടന്നൂരും ധർമ്മടവും നൽകുന്ന വലിയ ഭൂരിപക്ഷത്തിലാണ് ഇടതു മുന്നണിയുടെ കണ്ണ്. തളിപ്പറമ്പും കണ്ണൂരും ചില വോട്ടുകൾ നഷ്ടപ്പെട്ടേക്കാമെന്നും ഇടതുപക്ഷം ഇപ്പോഴേ കണക്കുകൂട്ടുന്നുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുവരെയുള്ള രാഷ്ട്രീയ സാഹചര്യങ്ങളും കണ്ണൂർ മണ്ഡലത്തിലെ ജയപരാജയങ്ങളെ നിർണ്ണയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ പക്ഷം.