കൊറോണ സംസ്ഥാനത്തെ വരിഞ്ഞമുറുക്കുമ്പോള്‍ പല മേഖലയിലും നൂറുകണക്കിന് ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. തോട്ടം മേഖല പോലെ ധാരാളം തൊഴിലിടങ്ങളില്‍ ആളുകള്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. തോട്ടം മേഖലയില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തൊഴില്‍വകുപ്പ് പുറത്തിറക്കി. മസ്റ്ററിംഗ്, ശമ്പള വിതരണം, തേയിലയുടെ തൂക്കം നിര്‍ണ്ണയിക്കല്‍ എന്നിവ നടക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്നത് ഒഴിവാക്കണം. വേണ്ട ക്രമീകരണങ്ങള്‍ മാനേജ്മെന്റ് ഒരുക്കണം. ഇവിടങ്ങളില്‍ സാനിറ്റൈസറിന്റെ ലഭ്യത ഉറപ്പാക്കണം. തോട്ടങ്ങളിലെ കാന്റീനുകള്‍, ക്രഷുകള്‍ എന്നിവിടങ്ങളില്‍ സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവയുടെ മതിയായ അളവിലുള്ള ലഭ്യത മാനേജ്മെന്റ് ഉറപ്പുവരുത്തണം.
ലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും, വായു സഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യണം. ലയങ്ങളില്‍ തൊഴിലാളികളോ, കുടുംബങ്ങളോ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണം.വിദേശികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ തോട്ടങ്ങളില്‍ വരുന്നത് തീര്‍ത്തും നിരുത്സാഹപ്പെടുത്താന്‍ മാനേജ്മെന്റ് ശ്രദ്ധിക്കേണ്ടതും തോട്ടം തൊഴിലാളികള്‍ ഇവരുമായി അടുത്തിടപെഴകുന്നതിനുള്ള സാഹചര്യം കര്‍ശനമായും ഒഴിവാക്കുകയും ചെയ്യണം.
തൊഴിലാളികളുടെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും ഒരു നിശ്ചിത കാലയളവിലേക്ക് തൊഴിലാളി യൂണിയനുകള്‍ പിന്മാറണം . തോട്ടങ്ങളിലെ ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികളുടെ മാതൃഭാഷയില്‍ എഴുതി തയ്യാറാക്കി തോട്ടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഉച്ചഭാഷിണിയില്‍ പ്രചാരണം നടത്തണം. വ്യക്തി ശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ചും, കോവിഡ് 19നെക്കുറിച്ചും അവബോധം തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാക്കുവാന്‍ മാനേജ്മെന്റ് ശ്രമിക്കണം.