കാസര്‍കോട്: ലോക്‌സഭയിലെ ആദ്യ മലയാളി പ്രതിപക്ഷ നേതാവിന്റെയും സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയുടെയും വോട്ടഭ്യര്‍ഥനയുടെ നോട്ടീസ് തിരഞ്ഞെടുപ്പ് സ്മരണയുണര്‍ത്തുന്നു.1957ല്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിച്ച എ.കെ.ജി, നീലേശ്വരം അസംബ്‌ളി മണ്ഡലത്തിലേക്ക് മല്‍സരിച്ച ഇ.എം.എസ്.നമ്പൂതിരിപ്പാട്, കല്ലളന്‍ വൈദ്യര്‍ എന്നിവരുടെ അഭ്യര്‍ത്ഥന നോട്ടീസ് മടിക്കൈയിലെ വിരലിലെണ്ണാവുന്നവരുടെ ശേഖരത്തില്‍ നിധി പോലെ ഇന്നും സൂക്ഷിക്കുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വന്നതോടെ ഈ വി.ഐ.പി നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയാണ് പുതുതലമുറ. ദ്വയാംഗ മണ്ഡലത്തില്‍ നിന്നാണ് ഇ.എം.എസും കല്ലളന്‍ വൈദ്യരും തെഞ്ഞെടുക്കപ്പെട്ടത്. അരിവാള്‍ നെല്‍ക്കതിര്‍ ആണ് ചിഹ്നം. അന്ന് എ.കെ.ജി യുടെ എതിരാളി ബി.എ ഷേണായിയായിരുന്നു. നിയമസഭാ ജനറല്‍ സീറ്റില്‍ മത്സരിച്ച ഇ.എം.എസിന്റെ എതിരാളി പി.എസ്.പി യിലെ ടി.വി.കോരനും കോണ്‍ഗ്രസിലെ ടി. ഉണ്ണികൃഷ്ണന്‍ തിരുമുമ്പുമായിരുന്നു. സംവരണ മണ്ഡലത്തില്‍ കല്ലളന്‍ വൈദ്യരുടെ എതിരാളി കോണ്‍ഗ്രസിലെ പി. അച്ചു കോയന്‍ ആയിരുന്നു.