കതിരൂര്‍ മനോജ് വധം: ജയരാജന്‍ അറസ്റ്റിനരുകില്‍ ! ജയരാജനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനെ ചൊവ്വാഴ്ച വീണ്ടും സിബിഐ ചോദ്യം ചെയ്യും. ചൊവ്വാഴ്ച തലശേരി ഗസ്റ്റ്ഹൗസില്‍ ഹാജരാവാനാണ് നോട്ടീസില്‍ പറയുന്നത്.

കേസില്‍ ജയരാജന്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. നേരത്തെ തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി ഒരു ദിവസം മുഴുവന്‍ ജയരാജന്റെ മൊഴിയെടുത്തിരുന്നു. ഇത്തവണത്തെ ചോദ്യം ചെയ്യലിന് ശേഷം ജയരാജനെ കേസില്‍ പ്രതി ചേര്‍ക്കാനും സി.ബി.ഐ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ജയരാജന്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിബിഐ വീണ്ടും നോട്ടീസ് അയച്ചത്. കേസില്‍ ഇത് രണ്ടാം തവണയാണ് സിബിഐ ജയരാജനെ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ജൂണ്‍ രണ്ടിന് സിബിഐ സംഘം ജയരാജനെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമാണ് ജയരാജനെ അന്ന് സിബിഐ ചോദ്യം ചെയ്തത്. നേരത്തെ മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

മനോജിന്റെ കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമന്‍ രക്ഷപെട്ടത് ജയരാജന്‍ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലായിരുന്നു. മനോജിന്റെ വധത്തിനു ശേഷം പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആഹ്ലാദമറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും വിവാദമായിരുന്നു. കേസില്‍ ഇത്ര ശക്തമായ തെളിവുകള്‍ ഉള്ള സാഹചര്യത്തില്‍ സിബിഐയുടെ അറസ്റ്റ് തടയാന്‍ ജയരാജന്‍ നേരത്തെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.2014 സെപ്തംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ മനോജ് കൊല്ലപ്പെട്ടത്. ജയരാജന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ജയരാജനെ ‘പൊക്കി’ സിപിഎമ്മിനെ ‘കുടുക്കാന്‍’ സംഘപരിവാര്‍, കതിരൂര്‍ മനോജ് വധക്കേസില്‍ ജില്ല സെക്രട്ടറിയുടെ അറസ്റ്റ് ഉടന്‍.

Top