ചെന്നൈ: തമിഴ്നാട്ടിൽ റോഡ് അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ‘എൻ ഉയിർ കാപ്പോൻ’ എന്നാണ് പദ്ധതിയുടെ പേര്. പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂർ സമയത്തെ ചികിത്സയാണ് സൗജന്യമായി നൽകുക. തമിഴ്നാട് സന്ദർശിക്കുന്നവർക്കും ഈ സൗജന്യ ചികിത്സ ലഭ്യമാണ്.
അപകടത്തിൽ പരിക്കേറ്റവർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. സംസ്ഥാനത്തെ 609 ആശുപത്രികളിലാണ് ഈ ചികിത്സ ലഭ്യമാകുക. ഇതിൽ 408 സ്വകാര്യ ആശുപത്രികളും 201 സർക്കാർ ആശുപത്രികളും ഉൾപ്പെടും.
അപകടത്തിൽപ്പെടുന്നവർക്ക് സുവർണ മണിക്കൂറിൽ ചികിത്സ നൽകുന്നതിനും വിലയേറിയ മനുഷ്യ ജീവൻ രക്ഷിക്കലുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (CMCHIS) ഗുണഭോക്താക്കളും അംഗങ്ങളല്ലാത്തവരും പുതിയ പദ്ധതിയിൽ ഉൾപ്പെടും.