കണ്ണൂർ : നെയ്യാറ്റിൻകര ഉപ തിരഞ്ഞെടുപ്പ് നടന്ന ദിവസം വിഎസ് അച്യുതാനന്ദൻ ഒഞ്ചിയത്ത് എത്തി ടിപി ചന്ദ്രശേഖരൻ്റെ വിധവ കെകെ രമയെ സന്ദർശിച്ചത് സിപിഎമ്മിലുണ്ടാക്കിയ ഞെട്ടൽ പോലെ സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ട് ഇപി ജയരാജൻ പാർലമെൻറ് തിരഞ്ഞെടുപ്പ് സമത്ത് കൊടുത്തതുപോലെ വലിയ ഷോക്കാണ് കൊടുത്തത് .പാർട്ടി അവഗണിച്ച് മൂലയ്ക്ക് ഇരുത്തിയവർ നൽകിയ ഇലക്ഷൻ ഷോക്കിൽ ഞെട്ടിത്തരിച്ച് സിപിഎം. വിഎസ് അച്ചുതാനന്ദൻ ഒന്ന് നൽകിയപ്പോൾ ഇപി ജയരാജൻ നൽകിയത് രണ്ട് വട്ടം. പുസ്തക പ്രസാധകർ തമ്മിൽ ഉണ്ടായ കിടമത്സരത്തിൽ ഇപി ജയരാജനും ഇരയാവുമ്പോൾ തകരുന്നത് സിപിഎം പാർട്ടിയാണ് .
സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കികൊണ്ട് ഇപി ജയരാജൻ്റെ ആത്മകഥാ വിവാദം കത്തിപ്പടരുകയാണ് . എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻറേതല്ലെന്നു പറഞ്ഞ ഇപി നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് ഡിജിപ്പിക്ക് പരാതി സമർപ്പിച്ചു . എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.
2012ൽ വിഎസ് ആയിരുന്നു അപ്രതീക്ഷിത നീക്കം നടത്തിയതെങ്കിൽ 2024 ൽ മറ്റൊരു ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സിപിഎമ്മിനെ ഞെട്ടിച്ചത് ഇപി ജയരാജനാണ്. പുറത്തുവരാത്ത തൻ്റെ ആത്മകഥയിലെ ചില ഭാഗങ്ങളിലൂടെ തുടർച്ചയായി രണ്ടാം തവണയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ തിരഞ്ഞെടുപ്പ് ദിവസത്തെ താരമാകുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിലാണ് ഇപി ജയരാജൻ ബിജെപിയിൽ ചേരുന്നതിനു ചർച്ച നടത്തിയെന്ന ആരോപണം പുറത്തു വരുന്നതും വലിയ രാഷ്ട്രീയ ചർച്ചയായതും.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി തിരുവനന്തപുരത്തെ സ്വന്തം ഫ്ലാറ്റിൽ ഇപി ജയരാജൻ കൂടിക്കാഴ്ച നടത്തിയെന്നയിരുന്നു ആ വാർത്ത. വാർത്തയിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുമ്പിൽ ഇപി സത്യം തുറന്നു പറഞ്ഞു സമ്മതിച്ചു.
ഇന്നിപ്പോൾ ഈ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ദിവസം പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി സരിനെയും പാർട്ടിയെയും വിമർശിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ട ആത്മകഥയെന്ന പേരിൽ പുസ്തകത്തിലെ ചില ഭാഗങ്ങൾ പുറത്തുവന്നത് അതുകൊണ്ടുതന്നെ യാദൃശ്ചികമല്ലെന്നു തന്നെ വേണം കരുതാൻ.
ആത്മകഥ പ്രസിദ്ധീകരിക്കാൻ പല പ്രസാധകരും ഇപി ജയരാജനെ സമീപിച്ചെങ്കിലും ഒടുവിൽ ഇപി പുസ്തകത്തിന്റെ കയ്യെഴുത്തു നൽകിയത് ഡിസി ബുക്സിനായിരുന്നു. പി ജയരാജന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്സ് ആയിരുന്നുവെങ്കിൽ ഇപി ജയരാജന്റെ പുസ്തകത്തിന് നറുക്കു വീണത് ഡിസിയ്ക്ക്. അത് പ്രസാധകർ തമ്മിലുള്ള കിട മത്സരത്തിനു കൂടി വേദിയായി. ഒരു വിപണ തന്ത്രം എന്ന നിലയിലാണ് ഇപിയുടെ ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തുവരാൻ കാരണം. ഡിസി ബുക്സിലെ ഒരു ജീവനക്കാരൻ കാണിച്ച അമിതാവേശം.
അത് പക്ഷേ ഇത്ര വലിയ തിരിച്ചടിയാകുമെന്ന് ആരും കരുതിയില്ല. ഇവിടെയും പക്ഷെ പാർട്ടി വെട്ടിലായി കൂടെ ഇപി ജയരാജനും. ഇനി പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങൾ പൂർണ്ണമായും തിരുത്തിയാവും പുസ്തകം പ്രസിദ്ധീകരിക്കുക. അതുവഴി പാർട്ടിയുടെയും തന്റെയും മാനം രക്ഷിക്കാനാവും ഇപി ജയരാജന്റെ ശ്രമം.പക്ഷേ ഏറെ നിർണായകമായ ഒരു ഘട്ടത്തിൽ പാർട്ടിയെ വെട്ടിലാക്കിയ വിവാദത്തിന് മണിക്കൂറിന്റെ വില മാത്രമല്ല ഉള്ളത് എന്ന് തിരിച്ചറിയേണ്ടവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് ഭാവിയിലും സിപിഎമ്മിനെ തിരിഞ്ഞു കൊത്തികൊണ്ടേയിരിക്കും.
പോളിംഗ് ദിനം സിപിഎമ്മിന് മുട്ടൻപണിയായി പുറത്തുവന്നിരിക്കുകയാണ് കട്ടൻ ചായയും പരിപ്പ് വടയും ആത്മകഥാ വിവാദം. ഇന്നലെ രാത്രി തന്നെ ഡിസി ബുക്സ് അവരുടെ പേജിൽ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിൻറെ ജീവിതം എന്ന പുസ്തകത്തിൻ്റെ മുഖ ചിത്രം വരെ നൽകിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്. രാവിലെ പുസ്തകത്തിലെ വിശദാംശങ്ങൾ ബോംബായാണ് പുറത്തേക്ക് വന്നത്. സർക്കാറിനും പാർട്ടിക്കുമെതിരെ ഇപിയുടെ തുറന്നടിക്കൽ വൻ ചർച്ചയായി.
പുറത്ത് വന്ന ആത്മകഥയിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രയാസമുണ്ട്. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം. നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. ഒന്നാം പിണറായി സർക്കാറിനെക്കാൾ ദുർബലമാണ് രണ്ടാം പിണറായി സർക്കാർ എന്ന് അടുത്ത വിമർശനം. തിരുത്തൽ വരുമെന്ന് പറഞ്ഞാൽ പോരാ, അടിമുതൽ മുടി വരെ വേണം. സരിൻ നാളെ വയ്യാവേലിയാകുമെന്നാണ് അടുത്ത വിവാദപരാമർശം. തലേന്ന് വരെ യുഡിഎഫ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചയാൾ കിട്ടാതെ ആയപ്പോൾ മറുകണ്ടം ചാടി. പല ഘട്ടത്തിലും സ്വതന്ത്രൻ ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ വയ്യാവേലിയായി സന്ദർഭങ്ങളും ഉണ്ട്. അൻവർ ഉദാഹരണണെന്ന് ആത്മകഥ. കഥാഭാഗം കത്തിപ്പടർന്നതിന് പിന്നാലെ മുഴുവൻ നിഷേധിച്ച് ഇപി ജയരാജൻ രംഗത്തെത്തി. നിയമനടപടി എടുക്കുമെന്നും ഇപി പ്രതികരിച്ചു.
ആത്മകഥാകാരൻ തന്നെ പ്രസാധകരെ തള്ളിയതോടെ വിവാദം പുതിയ വഴിത്തിരിവിലേക്ക് കടന്നു. പിന്നാലെ ഡിസി ബുക്സിൻറെ വിശദീകരണം. സാങ്കേതിക കാരണങ്ങളാൽ പ്രകാശനം മാറ്റിവെച്ചു. ഉള്ളടക്കം പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകും. ഇപി പൂർണ്ണമായും തള്ളുമ്പോഴും മാധ്യമങ്ങളിൽ വന്ന ആത്മകഥാ ഭാഗം ഡിസി ബുക്സ് നിഷേധിക്കുന്നില്ല.