പറവൂര്‍: ഓട്ടോ ഡ്രൈവര്‍ ജോണ്‍ പോള്‍ അങ്ങനെ വക്കീലായി. ഓട്ടോ ഓടിച്ച് ലഭിക്കുന്ന പണം കൊണ്ട് വക്കീല്‍ പഠനം പൂര്‍ത്തിയാക്കിയ ജോണ്‍ പോളിന്റെ പ്രയത്‌നം എല്ലാവര്‍ക്കും മാതൃകയാകുകയാണ്. കാക്കിയില്‍ നിന്ന് കറുത്ത ഗൗണിലേക്ക് മാറിയ ജോണ്‍ പോള്‍ തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലാണ് പഠിച്ചത്.
കൂട്ടുകാട് പുളിക്കത്തറ ഫ്രാന്‍സിസിന്റെയും മേരിയുടെയും മകനാണ് ഈ ഇരുപത്തെട്ടുകാരന്‍.വൈകുന്നേരങ്ങളില്‍ ഓട്ടോറിക്ഷ ഓടിച്ചാണു പഠനത്തിനു പണം കണ്ടെത്തിയത്. ഫസ്റ്റ് ക്ലാസോടെ പാസായി. ഞായറാഴ്ചയാണ് എന്റോള്‍ ചെയ്തത്. കയര്‍ തൊഴിലാളിയായിരുന്ന അച്ഛന്‍ എട്ടു വര്‍ഷം മുന്‍പു മരിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ജ്യേഷ്ഠന്‍ ബെന്നിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.
സ്വന്തമായി അധ്വാനിച്ചു പഠിക്കണമെന്ന ചിന്ത മൂന്നര വര്‍ഷം മുന്‍പു പഴയ ഓട്ടോറിക്ഷ വാങ്ങാന്‍ കാരണമായി. കുട്ടിക്കാലത്തു തന്നെ മനസില്‍ കയറിക്കൂടിയതാണ് അഭിഭാഷകനാകണമെന്ന മോഹം. എല്‍എല്‍ബി എന്‍ട്രസ് എഴുതിയപ്പോള്‍ തൃശൂര്‍ ഗവ. ലോ കോളജില്‍ പ്രവേശനം ലഭിച്ചു. ദിവസവും കോളജില്‍ പോയി തിരിച്ചെത്തിയാലുടന്‍ ഓട്ടോയെടുത്തു കൂട്ടുകാട്ട് പള്ളിക്കു സമീപമുള്ള സ്റ്റാന്‍ഡിലെത്തും.
10 മണിവരെ ഓട്ടോ ഓടിക്കും. അതിനുശേഷമാണു പഠനം. ഒഴിവുദിനങ്ങളിലും ഓട്ടോ ഓടിക്കാന്‍ പോകുമായിരുന്നു. ജോലി ചെയ്തു പഠിക്കുന്ന വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി നാട്ടിലെ ഒട്ടേറെപ്പേര്‍ ഓട്ടം വിളിക്കാറുണ്ട്. എല്ലാം ദൈവാനുഗ്രഹമായി കാണുന്നുവെന്നു ജോണ്‍ പോള്‍ പറഞ്ഞു. പറവൂര്‍ കോടതിയില്‍ ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാണു താല്‍പര്യം.