ക്രൈം റിപ്പോർട്ടർ
തിരുവനന്തപുരം: മദ്യലഹരിയിൽ അപകടകരമായി രീതിയിൽ കാറോടിച്ചു ഭീതി പരത്തിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറെ ഗണേഷ്‌കുമാർ എംഎൽഎ പിന്നാലെ ഓടിച്ചിട്ടു പിടിച്ചു. പരുത്തിപ്പാറ സ്വദേശിയും എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുമായ സുരേഷ്ബാബു (49) വാണ് പേരൂർക്കട പോലീസിന്റെ പിടിയിലായത്.
ബി. ഗണേഷ്‌കുമാർ എംഎൽഎയാണ് വിവരം പോലീസിൽ അറിയിച്ചത്. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. പേരൂർക്കട പോലീസ് പറയുന്നത് ഇങ്ങനെ: ഗണേഷ്‌കുമാർ എംഎൽഎ തന്റെ വാഹനത്തിൽ എംസി റോഡിലൂടെ കേശവദാസപുരം ഭാഗത്തേക്ക് വരികയായിരുന്നു. ആ സമയം അതേ ദിശയിൽ വരികയായിരുന്ന കെ.എൽ 4ക്യു 6717ാം നമ്പർ സ്‌കോർപിയോ കാർ തന്റെ വാഹനത്തിൽ ഇടിക്കാനായി അമിതവേഗത്തിലെത്തുന്നതായി എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്റെ വാഹനം ഒഴിച്ചുനിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.
ഇതോടെ സ്‌കോർപിയോ കാർ അമിതവേഗത്തിൽ മുന്നോട്ടു പോകുകയും മറ്റുള്ള കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഇടിക്കാൻ പോകുന്നതായി എംഎൽഎ കാണുകയും ചെയ്തു. റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കഷ്ടിച്ചാണ് ഇടിയിൽനിന്നു രക്ഷപ്പെട്ടത്. അപകടകരമായ രീതിയിലെ ഡ്രൈവിംഗ് കണ്ട് എംഎൽഎ വിവരം ആദ്യം മണ്ണന്തല പോലീസിൽ അറിയിച്ചു. മണ്ണന്തല സ്റ്റേഷൻ അതിർത്തിയിൽ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ പേരൂർക്കട പോലീസ് പരുത്തിപ്പാറ ജംഗ്ഷനിലിട്ടു പിടികൂടി. സ്‌കോർപിയോ കാറിന്റെ മുൻഭാഗം പലയിടത്തും തകർന്നിരുന്നതായി പോലീസ് കണ്ടെത്തി.
ഡപ്യൂട്ടി കമ്മീഷണറെയും വാഹനത്തെയും സ്റ്റേഷനിലേക്കു കൊണ്ടുവന്നു. വൈദ്യപരിശോധനയിൽ സുരേഷ്ബാബു അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. എസ്‌ഐ സുരേഷ്ചന്ദ്ര ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത ഡപ്യൂട്ടി കമ്മീഷണറെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തന്നെ മനപ്പൂർവ്വം അപായപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചതാകാമെന്നാണു കരുതിയതെന്നു എംഎൽഎ പ്രതികരിച്ചു.