കണ്ണൂര്‍: വടകരയില്‍ വിജയമുണ്ടാവുമെന്ന് ഉറച്ച് ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് ആധിപത്യമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍. യുഡിഎഫ് 16 മുതല്‍ 18 സീറ്റ് വരെ നേടാമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം എല്‍ഡിഎഫ് 2 മുതല്‍ നാല് സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യതയുള്ളതെന്നും സര്‍വേ പറയുന്നു. വടകര മണ്ഡലത്തില്‍ വന്‍ അത്ഭുതം സംഭവിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് നടക്കാൻ പാടില്ലാത്ത ധ്രുവീകരണ പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഒരുഭാഗത്ത് വോട്ട് പർച്ചേസിനുള്ള പരിശ്രമം നടന്നുവെന്നും ശൈലജ കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ല. പലപ്പോഴും എക്സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളത്. പാർട്ടിയുടെ വിലയിരുത്തലിൽ ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാവുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
എല്ലാ സര്‍വേകളിലും ഷാഫി പറമ്പില്‍ വിജയിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് എല്‍ഡിഎഫിന്റെ കെകെ ശൈലജ വിജയിക്കുമെന്നാണ് പ്രവചനം. നേരിയ മുന്‍തൂക്കം മാത്രമാണ് ശൈലയ്ക്കുള്ളത്. സിറ്റിംഗ് സീറ്റില്‍ സ്ഥാനാര്‍ത്ഥി മാറി വന്നപ്പോള്‍ യുഡിഎഫിന്റെ വോട്ടുവിഹിതം പത്ത് ശതമാനത്തോളം ഇടിഞ്ഞുവെന്നും സര്‍വേ വ്യക്തമാക്കി.
അതേസമയം മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് പോവുകയും ചെയ്തത് യുഡിഎഫിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫിന് മണ്ഡലത്തില്‍ വോട്ട് കൂടുന്നില്ല. പക്ഷേ യുഡിഎഫിന് വന്‍ തോതില്‍ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. പ്രചാരണ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആര്‍ക്ക് നേട്ടമായെന്നും മുന്നണികള്‍ വിലയിരുത്തേണ്ടി വരും. കാഫിര്‍ വിവാദം അടക്കം ഏത് രീതിയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ബാധിച്ചുവെന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടി വരും.
എല്‍ഡിഎഫിന് 41.56 ശതമാനം പേര്‍ എല്‍ഡിഎഫിന് വോട്ടുചെയ്തുവെന്നാണ് സര്‍വേ പറയുന്നത്. അതേസമയം യുഡിഎഫിന്റെ വോട്ട് ശതമാനം 39.65 ശതമാനമായി കുറഞ്ഞു. ബിജെപിയുടെ വോട്ട് ശതമാനം 17 ശതമാനത്തിന്റെ മുകളിലെത്തി. ഇടതുമുന്നണിയും യുഡിഎഫും തമ്മിലുള്ള വ്യത്യാസം 1.91 ശതമാനം മാത്രമാണ്. ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിച്ചതാണ് ഇവിടെ യുഡിഎഫിനെ ബാധിച്ചത്.