
സാമൂഹ്യമാധ്യമങ്ങളിൽ പ്രധാനിയായ ട്വിറ്ററിൽ നിന്ന് ഉപയോക്താക്കൾ കൊഴിയുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളാണ് ട്വിറ്റർ ഉപേക്ഷിച്ച് മറുവഴികൾ നേടുന്നത്. അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ഉപയോക്താകളാണ് ട്വിറ്റർ വിടുന്നത്. ഇവരൊക്കെ മാസ്റ്റഡോൺ എന്ന മറ്റൊരു മാധ്യമത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്.
മാസ്റ്റഡോണിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നാണ് ഇവർ പറയുന്നത്. വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നവരെ മാസ്റ്റഡോൺ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കുടിയേറിയവർ പറയുന്നു. സമീപകാലത്തെ ട്വിറ്ററിൻ്റെ നിലപാടുകൾ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പല ട്വിറ്റർ ഹാൻഡിലുകളെയും കാരണമൊന്നുമില്ലാതെ ബ്ലോക്ക് ചെയ്ത ട്വിറ്റർ രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നു എന്ന തരത്തിലും ആരോപണം ഉയർന്നിരുന്നു.
ട്വിറ്റർ ദലിത് വിരുദ്ധമാണെന്നും ചില മതങ്ങൾക്കെതിരെയുള്ള നിലപാടാണ് ട്വിറ്റർ സ്വീകരിക്കുന്നതെന്നും പലരും ആരോപിച്ചിരുന്നു. ഇതിനിടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ ഹെഗ്ഡെയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്ത നടപടിയാണ് ആളുകളെ ട്വിറ്റർ വിടാൻ പ്രേരിപ്പിച്ചത്. നടപടിക്കെതിരെ സഞ്ജയ് ഹെഗ്ഡെ ട്വിറ്ററിനു വക്കീല്‍ നോട്ടിസ് അയച്ചുവെങ്കിലും ഉപയോക്താക്കൾ ട്വിറ്ററിനെ കൈവിട്ടു.
2016ല്‍ ജര്‍മന്‍കാരനായ യുജെന്‍ റോച്ച്കോയാണ് മാസ്റ്റഡോണിന് രൂപം നൽകിയത്. തൻ്റെ 24ആം വയസ്സിലാണ് അദ്ദേഹം ഇത് ആരംഭിച്ചത്. ഓപ്പൺ സോഴ്സ് കോഡായ മാസ്റ്റഡോൺ തികച്ചും സൗജന്യമാണ്. ഒരു സംഘടനക്കോ വ്യക്തിക്കോ ഇതിൻ്റെ ഉടമസ്ഥാവകാശമില്ല. ട്വിറ്ററിനെക്കാൾ അല്പം കൂടി ബുദ്ധിമുട്ടാണ് ഇതിലൊരു അക്കൗണ്ട് തുടങ്ങാൻ. പക്ഷേ, ഉപയോഗം ട്വിറ്ററിനു സമാനമാണ് താനും. ട്വിറ്ററിലെ കുറിപ്പുകള്‍ ട്വീറ്റുകളെന്നറിയപ്പെടുമ്പോൾ മാസ്റ്റഡോണിലെ കുറിപ്പുകള്‍ക്ക് ടൂട്ട്സ് എന്നാണ് പേര്. റീട്വീറ്റുകളെ ബൂസ്റ്റ് എന്ന് വിളിക്കും. ട്വിറ്ററിൻ്റെ 280 അക്ഷരങ്ങൾക്കു പകരം 500 അക്ഷരങ്ങളാണ് മാസ്റ്റഡോണിലെ ഒരു ടൂട്ടിൽ എഴുതാൻ കഴിയുക. തുല്യതാസങ്കല്പത്തിൽ പ്രവർത്തിക്കുന്ന മാസ്റ്റഡോണിൽ അക്കൗണ്ടുകൾ വെരിഫൈ ചെയ്യാനും ആവില്ല.
ഈ ആഴ്ചയിൽ മാത്രം 12900 ആളുകൾ മാസ്റ്റഡോണിൽ ചേർന്നു കഴിഞ്ഞെന്ന് യൂജെന്‍ റോച്ച്കോ പറഞ്ഞു. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ, സാമൂഹിക പ്രവര്‍ത്തക കവിത കൃഷ്ണന്‍, ബോളിവുഡ് ഗായകന്‍ വിശാല്‍ ദദ്‍ലാനി തുടങ്ങിയവർ ട്വിറ്റർ ഉപേക്ഷിച്ച് മാസ്റ്റഡോണിൽ ചേർന്നു കഴിഞ്ഞു.