ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റില്‍ വന്‍ സ്ഫോടനം. റാസ് ലഫാന്‍ വ്യാവസായിക മേഖലയില്‍ ഇന്നലെ രാത്രിയാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്.
ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ട പ്ലാന്റില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടം. 54പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.റാസ് ലഫാനിലെ സ്ഫോടനം ആഗോള ഊര്‍ജവിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം കടുപ്പിച്ചതോടെ ഖത്തര്‍ ഇന്ധന ഉല്‍പാദനം നിര്‍ത്തിവച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളില്‍ ഇറാന്‍ ഇളവ് വരുത്തി. ഇതേത്തുടര്‍ന്നാണ് പ്ലാന്റ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ ഖത്തര്‍ ശ്രമം തുടങ്ങിയത്. ഞായറാഴ്ച രാത്രി ബര്‍സാന്‍ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് തീപിടിത്തവും സ്ഫോടനവും ഉണ്ടായതെന്ന് ഖത്തര്‍ ഏജന്‍സി പറഞ്ഞു.അപകടത്തില്‍ എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല.
ആദ്യം കുറച്ചുപേര്‍ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് പരിക്കേറ്റവരുടെയും കാണാതായവരുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ബര്‍സാന്‍ പ്ലാന്റില്‍ നിന്ന് പ്രതിദിനം ഏകദേശം 1.4 ബില്യണ്‍ ക്യുബിക് അടി പ്രകൃതിവാതകം ഉത്പാദിപ്പിച്ചിരുന്നുവെന്നാണ് വിവരം. പ്ലാന്റിന്റെ മുഴുവന്‍ ഭാഗവും ഖത്തറിന്റെ ഉടമസ്ഥയിലാണ്. പ്ലാന്റിന്റെ ചെറിയ ഓഹരി എക്‌സോണ്‍ മൊബിലിന്റെ കൈവശമുണ്ട്.


